നെടുമങ്ങാട്: പട്ടികജാതി വൃദ്ധരുടെ ആശാകേന്ദ്രവും കർഷകരുടെ സ്വപ്നമായ പഴം, പച്ചക്കറി വിപണന കേന്ദ്രവും നിർമ്മാണം പൂർത്തിയാക്കി അടച്ചിട്ടിരിക്കുന്നതായി പരാതി. ലക്ഷങ്ങൾ ചെലവിട്ട് നാല് വർഷം മുമ്പ് അരുവിക്കരയിൽ നിർമ്മിച്ച വൃദ്ധസദനവും പച്ചക്കറി സംഭരണ കേന്ദ്രവുമാണ് വെറുതെകിടന്ന് നശിക്കുന്നത്. പുതിയതായി ചുമതലയേറ്റ ഭരണസമിതി കാലാവധി പൂർത്തിയാക്കാൻ ഏതാനും മാസങ്ങൾ മാത്രം ശേഷിക്കുമ്പോഴും മുൻ ഭരണസമിതി തുടക്കം കുറിച്ച മാതൃകാ പദ്ധതികൾ ഉദ്‌ഘാടനം ചെയ്യാതെ അവഗണിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന ആക്ഷേപം ശക്തമാണ്. ദാരിദ്ര്യ രേഖയ്ക്ക് താഴെ വരുമാനമുള്ള പട്ടികജാതി കുടുംബങ്ങൾ ബഹുഭൂരിപക്ഷം വരുന്ന അരുവിക്കരയിൽ വൃദ്ധസദനം ഏറെ പ്രതീക്ഷ പകർന്ന പദ്ധതിയാണ്. കടവരാന്തകളിലും പൊതുസ്ഥലങ്ങളിലും ആരോരുമില്ലാതെ അലഞ്ഞു തിരിയുന്ന തദ്ദേശീയരായ വൃദ്ധജനങ്ങളെ പുനരധിവസിപ്പിക്കുക എന്ന മാതൃക ദൗത്യത്തിനാണ് അധികൃതർ താഴിട്ടിരിക്കുന്നത്. ഗ്രാമപഞ്ചായത്തിന് നിവേദനം നൽകിയിട്ടും നടപടി ഇല്ലെന്നാണ് വൃദ്ധജനങ്ങളുടെ പരാതി.
കടമ്പനാട് വാർഡിൽ 2013- 14 കാലയളവിൽ നിർമ്മിച്ച വൃദ്ധസദനത്തിന്റെ ഉദ്ഘാടനം വൈകാൻ കാരണമായി പഞ്ചായത്ത് അധികൃതർക്ക് പറയാനുള്ളത് ഫർണിച്ചറുകൾ ഇല്ലെന്ന ന്യായമാണ്. ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവാക്കി നിർമ്മിച്ച കെട്ടിടമാണ് അടഞ്ഞുകിടക്കുന്നത്. നിർദ്ധന കുടുംബങ്ങളിലെ വൃദ്ധജനങ്ങളുടെ ആരോഗ്യ പരിചരണവും സുരക്ഷയും ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. വൃദ്ധസദനം നിർമ്മിക്കാൻ സ്ഥലവാസിയായ ഒരാൾ സൗജന്യമായി വിട്ടുകൊടുത്ത പത്ത് സെന്റ് സ്ഥലവും പഞ്ചായത്ത് വക പണം ചെലവാക്കി നിർമ്മിച്ച കെട്ടിടമാണ് ഇവിടെ അന്യാധീനപ്പെടുന്നു.
2013-14 കാലയളവിൽത്തന്നെ അരുവിക്കര മാർക്കറ്റിൽ മൃഗാശുപത്രിക്ക് സമീപത്ത് പഴം, പച്ചക്കറി വിപണന കേന്ദ്രത്തിനു വേണ്ടി നിർമ്മിച്ച ഇരുനില മന്ദിരമാണ് താഴ്‌വീണ് കിടക്കുന്നത്. ജില്ലാ പഞ്ചായത്തും ഹോർട്ടി കോർപ്പും 25 ലക്ഷം രൂപ നൽകി. ഇതിനു പുറമെ ഗ്രാമപഞ്ചായത്ത് തനതുഫണ്ടിൽ നിന്ന് 10 ലക്ഷം കൂടി ലഭിച്ചു. മൊത്തം 35 ലക്ഷം രൂപ ഇതിന്റെ നിർമ്മാണത്തിന് ചെലവിട്ടു. ജല, വൈദ്യുത കണക്ഷനുകൾ ഇതുവരെ ലഭിച്ചിട്ടില്ല. ഇതാണ് ഉദ്ഘാടനം നീളാൻ കാരണമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.
വാഴകൃഷിക്കും പച്ചക്കറി വിളകൾക്കും ശ്രദ്ധേയമായ പഞ്ചായത്താണ് അരുവിക്കര. കർഷകർ ഉദ്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും പഞ്ചായത്തിൽ തന്നെ വില്പന നടത്താൻ സംവിധാനം വേണമെന്നത് ഏറെക്കാലത്തെ ആവശ്യമായിരുന്നു. കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച വിപണന കേന്ദ്രം തുറക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വിപണന കേന്ദ്രത്തിലെ കടമുറികൾ തുറന്ന് നൽകാത്തതിനാൽ സ്വകാര്യ കടകളിലാണ് കർഷകർ ഇപ്പോൾ കച്ചവടം നടത്തുന്നത്. ഇത് കർഷകർക്ക് അധിക ബാദ്ധ്യതയും സാമ്പത്തിക ബുദ്ധിമുട്ടും ഉളവാക്കുന്നുണ്ട്. ഉത്പാദന ചെലവു പോലും ലഭിക്കാറില്ലെന്ന് കർഷകർ പറയുന്നു. വിപണന കേന്ദ്രം തുറന്നാൽ പഞ്ചായത്ത് നിശ്ചയിക്കുന്ന വാടകയ്ക്ക് വില്പന കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാം. കാർഷികോത്പന്നങ്ങൾക്കും നിശ്ചിത വില ഉറപ്പാക്കാനാവും.