nov08a

ആ​റ്റിങ്ങൽ: കടവിള - കട്ടപ്പറമ്പ് റോഡ് ഗതാഗത യോഗ്യമല്ലാത്ത രീതിയിൽ തകർന്നിട്ടും അധികൃതർ അനങ്ങുന്നില്ല. റോഡ് പൊളിഞ്ഞ് ടാറും മെ​റ്റലും ഇളകിക്കിടക്കുകയാണ്. ഇതിലൂടെ കാൽനട യാത്രപോലും ദുഷ്‌കരമാണ്. റോഡിൽ അ​റ്റകു​റ്റപ്പണികൾപോലും യഥാസമയം നടക്കുന്നില്ലെന്നാണ് പരാതി. മൂന്ന് കിലോമീ​റ്റർ ദുരമുള്ള റോഡിന്റെ ഒരു കിലോമീ​റ്റർ ഭാഗം രണ്ടുപഞ്ചായത്തിന്റെ അതിർത്തിയാണ്. ബാക്കി ഭാഗം കരവാരം പഞ്ചായത്തിൽ ഉൾപ്പെടുന്നു. ഇതിൽ കട്ടപ്പറമ്പുമുതൽ പുത്തുതോട്ടം വരെയുള്ള ഒന്നര കിലോമീറ്റർ റോഡാണ് ആകെ തകർന്നു കിടക്കുന്നത്. കെ.എസ്.ആർ.ടി.സി സർവീസ് ഉൾപ്പെടെയുള്ള ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് കാട്ടി നാട്ടുകാർ നിവേദനം നൽകി മാസങ്ങൾ പലതു കഴിഞ്ഞിട്ടും അധികൃതർ ഒരു നടപടിയും കൈക്കൊണ്ടില്ല. രണ്ട് പഞ്ചായത്തിലെയും ആയിരത്തോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. 27 സ്‌കൂൾ ബസുകൾ പ്രവൃത്തിദിവസങ്ങളിൽ ഈ റോഡിലൂടെ കടന്നുപോകുന്നുണ്ട്. രാവിലെയും വൈകിട്ടും മാത്രമാണ് കെ.എസ്.ആർ.ടി.സി. സർവ്വീസുളളത്. ഷെഡ്യൂൾ റദ്ദാകുന്ന ദിവസങ്ങളിൽ ഈ ബസുണ്ടാവുകയുമില്ല. അതുകൊണ്ടുതന്നെ യാത്രയ്ക്കായി നാട്ടുകാർ പ്രധാനമായും ആശ്രയിക്കുന്നത് ആട്ടോറിക്ഷകളെയാണ്. റോഡ് തകർന്നതോടെ ആട്ടോറിക്ഷയിലുളള യാത്ര ബുദ്ധിമുട്ടാണെന്ന് നാട്ടുകാർ പറയുന്നു. രോഗികളും ഗർഭിണികളുമെല്ലാം യാത്രയ്ക്കായി വളരെ പ്രയാസപ്പെടുകയാണ്. റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ ഇവിടെയ്ക്ക് ആട്ടോ വിളിച്ചാൽ വരാറില്ലെന്നും പരാതിയുണ്ട്. ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. മഴ പെയ്താൽ കുഴികൾ അറിയാനാവാത്ത സ്ഥിതിയാണ്. ആഴത്തിലുള്ള കുഴിയിൽ പെടുന്ന ഇരുചക്ര വാഹനം മറിഞ്ഞ് അപകടം സംഭവിക്കുന്നതും നിത്യ സംഭവമാണ്.

മൂന്നുവർഷം മുൻപ് തകർന്ന റോഡിൽ പാച്ച് വർക്ക് ചെയ്തിരുന്നു, അത് മുന്നു മാസം കഴിയുന്നതിനു മുൻപുതന്നെ ഇളകിത്തുടങ്ങിയത് അന്ന് വിവാദമായിരുന്നു.

കട്ടപ്പറമ്പ് സ്കൂൾ,​ ഹെൽത്ത് സെന്റർ,​ വായന ശാല,​ അംഗൻവാടി ,​ പ്രസിദ്ധങ്ങളായ വഞ്ചിയൂർ മഹാദേവ ക്ഷേത്രം,​ ഇരമത്തുകാവ് ധർമ്മശാസ്താ ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലേയ്ക്ക് എത്താൻ ഏക ആശ്രയമായ റോഡാണ് ടാർചെയ്യാതെ വർഷങ്ങളായി കിടക്കുന്നത്.