പാലോട്: കാണാതായ ആട്ടോ ഡ്രൈവർക്കുവേണ്ടി കഴിഞ്ഞ അഞ്ചുദിവസമായി പാലോട് ആറ്റിൽ ഫയർഫോഴ്സ് നടത്തിവന്ന തെരച്ചിൽ അവസാനിപ്പിച്ചു. ചിപ്പൻചിറ റോഡരികത്ത് വീട്ടിൽ മധുവിനെ കഴിഞ്ഞ ശനിയാഴ്ചയോടെയാണ് കാണാതായത്. ഇയാളുടേതെന്ന് സംശയിക്കുന്ന ചെരുപ്പും മൊബൈൽ ഫോണും പാലോട് റെയ്ഞ്ച് ഓഫീസിനു സമീപമുള്ള കുളക്കടവിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പാലോട് പൊലീസിന്റെ നേതൃത്വത്തിൽ വിതുരയിൽ നിന്നെത്തിയ ഫയർഫോഴ്സ് അംഗങ്ങളും നാട്ടുകാരും ചേർന്ന് തെരച്ചിൽ ആരംഭിക്കുകയായിരുന്നു. വിതുര യൂണിറ്റ് ഫയർഫോഴ്സ് ഓഫീസർ ചന്ദ്രബാബു, തിരുവനന്തപുരം യൂണിറ്റ് സ്‌കൂബാ ഡൈവിംഗ് ടീം ഓഫീസർ അശോക് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തിയത്. മധുവിനെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്നും ഇയാളുടെ ഫോൺ രേഖകളും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് വിവരങ്ങൾ ശേഖരിക്കുകയാണെന്നും പാലോട് സി.ഐ സി.കെ. മനോജ് അറിയിച്ചു.