പാലോട് : നന്ദിയോട് - ആനാട് പഞ്ചായത്തുകളിൽ അനുവദിച്ച കുടിവെള്ള പദ്ധതി അട്ടിമറിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ ആരോപിച്ചു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ആനാട് നന്ദിയോട് പഞ്ചായത്തിലെ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നതിന് വേണ്ടി വാമനപുരം നദിയിലെ ജലസ്രോതസ് ഉപയോഗിച്ച് നടപ്പിലാക്കാൻ കൊണ്ടുവന്ന പദ്ധതി കഴിഞ്ഞ നാലുവർഷമായി മുടങ്ങി കിടക്കുകയാണ്. 60 കോടി രൂപ മുടക്കി നിർമ്മിക്കാൻ ഉദ്ദേശിച്ച കുടിവെള്ള പദ്ധതിക്ക് യു.ഡി.എഫ് ഗവൺമെന്റ് 16 കോടി രൂപ അനുവദിച്ചിരുന്നു. ട്രീറ്റ്മെമെന്റ് പ്ലാന്റ് നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും പദ്ധതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കുകയും ചെയ്തു. ട്രീറ്റ്മെന്റ് പ്ലാന്റ് നടപ്പിലാക്കാൻ ആവശ്യമായ സ്ഥലം വാങ്ങുന്നതിന് ആനാട് നന്ദിയോട് പഞ്ചായത്തുകൾ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി ആവശ്യമായ ഫണ്ട് നൽകുകയും കുടിവെള്ളം സംഭരിക്കുന്നതിനുള്ള ടാങ്കുകൾ നിർമ്മിക്കുന്നതിനും വേണ്ടി ആനാട് നന്ദിയോട് പഞ്ചായത്തുകൾ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് വാട്ടർ അതോറിട്ടിക്ക് നൽകുകയും ചെയ്തു എന്നാൽ ഈ ഗവൺമെന്റ് പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടി പുതിയതായി ഫണ്ട് അനുവദിക്കുകയോ പദ്ധതി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്തില്ല.