kerala-legislative-assemb

കാസർകോട് കെ.എ.പി ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്ക് നടന്ന പി.എസ്.സി പരീക്ഷാ ക്രമക്കേടിന്മേലായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലേക്കുള്ള 'ലിങ്ക്' ആവുമ്പോൾ പ്രതിപക്ഷം 'കോളേജിൽ കയറാതിരുന്നാലത് അനീതി'യാവും. അതുകൊണ്ടവർ നീതി കാട്ടി!

കേസന്വേഷണം കൃത്യമായി നടക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെ ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല നോട്ടീസ് നൽകി സംസാരിച്ച അനൂപ് ജേക്കബ്. സമയത്തിന് കുറ്റപത്രം സമർപ്പിക്കാതെ പ്രതികൾ ജാമ്യം നേടിയത് കേസന്വേഷണം കൃത്യമായത് കൊണ്ടാണോയെന്നാണ് അനൂപിന്റെ ചോദ്യം. പരീക്ഷാക്രമക്കേട് സംബന്ധിച്ച് വാർത്താസമ്മേളനം നടത്തിയ പി.എസ്.സി ചെയർമാൻ, ഒളിവിലിരുന്ന പ്രതികൾക്ക് തെളിവുകളെല്ലാം ശാസ്ത്രീയമായി നശിപ്പിക്കാനുള്ള അവസരമൊരുക്കിക്കൊടുത്തുവെന്നാണ് അനൂപ് ജേക്കബ് ഉറച്ചുവിശ്വസിക്കുന്നത്. പുറത്തിറങ്ങിയ പ്രതി കോപ്പിയടിച്ചത് തന്റെ കഴിവാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടതും അതിനെ വിമർശിച്ചവരെ കഴിഞ്ഞദിവസം യൂണിവേഴ്സിറ്റി കോളേജിൽ മർദ്ദിച്ചതുമെല്ലാം കണ്ടതോടെ യൂണിവേഴ്സിറ്റി കോളേജും സംസ്കൃത കോളേജുമെല്ലാം പഴയപടി തന്നെയെന്ന് അനൂപ് ജേക്കബ് നിരാശാഭരിതനായി.

പ്രതിയുടെ പ്രതികരണത്തോടൊന്നും പൊതുസമൂഹത്തിന് യോജിപ്പില്ലെന്ന് പറഞ്ഞ് അനൂപിന്റെ നിരാശയകറ്റാൻ മുഖ്യമന്ത്രി ശ്രമിക്കാതിരുന്നില്ല. കുറ്റവാളികൾ കുറ്റവാളികളാണ് എന്നാണ് അദ്ദേഹത്തിന്റെ ഉറച്ചബോദ്ധ്യം.

യൂണിവേഴ്സിറ്റി കോളേജിൽ കത്തിക്കുത്തുണ്ടായപ്പോൾ തല പാതാളത്തോളം താഴ്ന്നെന്ന് പറഞ്ഞ സ്പീക്കറുടെ തല പാതാളത്തിലും താഴോട്ട് പോവുമെന്ന് ചിന്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആകുലചിത്തനായി.

മാർക്സിസ്റ്റ് പാർട്ടി ഭരിക്കുന്നിടത്തെല്ലാം കോപ്പിയടി നിത്യസംഭവമാണെന്ന് എം.കെ. മുനീർ വിലയിരുത്തിയത്, ബംഗാളിലെ ഇടതുഭരണകാലത്തെ വികസനപ്രവർത്തനങ്ങളെപ്പറ്റിയുള്ള റോസ് മാലികിന്റെ പുസ്തകത്തെ സാക്ഷ്യപ്പെടുത്തിയാണ്. ഏതോ നാലാംകിട പുസ്തകം മുനീർ ഉദ്ധരിച്ചുവെന്ന് എ. പ്രദീപ്കുമാർ രോഷം പൂണ്ടെങ്കിലും ഏത് പുസ്തകവും ഉദ്ധരിക്കാനുള്ള മുനീറിന്റെ അവകാശത്തെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വകവച്ച് കൊടുത്തു.

മോസ്കോയിൽ പോയി കമ്മ്യൂണിസം പഠിച്ചിട്ടുള്ള പഴയ സി.പി.ഐക്കാരനായ കെ.എൻ.എ. ഖാദർ നല്ല നാടകനടനുമാണ്. മരണം വാതിൽക്കലൊരുനാൾ, മഞ്ചലുമായി വന്ന് നിൽക്കുമ്പോൾ, ചിറകടിച്ചെൻകൂട് തകരുന്ന നേരം, ജീവജലം തരുമോ.... എന്ന അശ്വമേധം നാടകത്തിലെ പാട്ടുവരികൾ പോലെയാണ് നാടകക്കാരുടെ ജീവിതമെന്ന് അദ്ദേഹം വ്യസനിക്കുന്നു. ബ്രണ്ണൻകോളേജിൽ നാടകം തൊട്ട് ഫാൻസിഡ്രസ് വരെ അവതരിപ്പിച്ച മന്ത്രി എ.കെ. ബാലൻ നാടകക്കാരുടെ പ്രശ്നം പഠിക്കാൻ സമിതിയെ വയ്ക്കണമെന്ന് ഖാദർ അതിനാൽ ഉപക്ഷേപമുന്നയിച്ചു.

കാഫിർ, വിഷക്കാറ്റ്, തീക്കുടുക്ക തുടങ്ങിയ നാടകങ്ങളിലഭിനയിച്ച ഖാദർ സിവിക്ചന്ദ്രന്റെ താമ്രപത്രം നാടകത്തിൽ നക്സലായി വരെ വേഷമിട്ടിട്ടും എങ്ങനെ മുസ്ലിംലീഗിലകപ്പെട്ടുവെന്നോർത്ത് മന്ത്രി എ.കെ. ബാലൻ അദ്ഭുതപ്പെട്ടു. ലീഗിലും കലാകാരന്മാരുണ്ടെന്ന് മനസിലായില്ലേയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞെങ്കിലും മുസ്ലിംലീഗാവാൻ ദഹനശക്തിയും സഹനശക്തിയും വേണമെന്ന് പറഞ്ഞ സി.എച്ച്. മുഹമ്മദ്കോയയെ വിശ്വസിച്ച മന്ത്രിയുടെ ഞെട്ടൽ മാറിയെന്ന് തോന്നുന്നില്ല.

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായസ്ഥാപനങ്ങൾ സുഗമമാക്കൽ ബില്ലും വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായനഗരപ്രദേശ വികസനവും ഭേദഗതി ബില്ലും അവതരിപ്പിച്ച മന്ത്രി ഇ.പി. ജയരാജൻ, 'നിക്ഷേപകരേ, ഇതിലേ, ഇതിലേ...' എന്ന ഭാവത്തിലാണ്. നമ്മുടെ കേരളം ഇനിയും ഒരുപാട് വികസിക്കാനുണ്ടെന്നാണ് അദ്ദേഹത്തിന്റെ ബോദ്ധ്യം. അന്യായമായ തൊഴിൽസമരങ്ങൾ പിണറായി ഭരണത്തിൽ ഓർമ്മയായതിൽ അദ്ദേഹം ആഹ്ലാദചിത്തനാണ്. ബില്ലിന്റെ പേരിൽ സുഗമമാക്കൽ എന്നുണ്ടെങ്കിലും വ്യവസായത്തെ സുഗമമാക്കാനുതകുന്നതൊന്നും ബില്ലിൽ കാണുന്നില്ലെന്ന് കെ.എൻ.എ. ഖാദർ പരിതപിച്ചു. രണ്ട് ബില്ലുകളും സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.