നെടുമങ്ങാട് : റോബോട്ടിക് ദേശീയ മത്സരത്തിൽ നേട്ടം കൊയ്ത് നെടുമങ്ങാട് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ. തമിഴ്‌നാട്ടിൽ നടന്ന ചെന്നൈ സൗത്ത് സോൺ മത്സരത്തിൽ ജൂനിയർ വിഭാഗം ഒന്നാം സ്ഥാനവും സ്വർണ മെഡലും മിഡിൽ ലെവൽ മത്സരത്തിൽ രണ്ടാം സ്ഥാനവും വെള്ളി മെഡലും കരസ്ഥമാക്കി ഡിസംബറിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരിക്കുകയാണ് സ്‌കൂൾ ടീമിലെ മിടുക്കിക്കുട്ടികൾ. സി.ബി.എസ്.ഇ,ഐ.സി.എസ്.ഇ വിദ്യാലയങ്ങളോട് മത്സരിച്ചാണ് ഈ നേട്ടം കൊയ്തത്. എഴുപതോളം സ്‌കൂളുകളിലെ ടീമുകൾ മാറ്റുരച്ച മത്സരത്തിൽ കമ്പ്യൂട്ടർ പ്രോഗ്രാമിംഗും നിർമ്മിത ബുദ്ധിയും ഉപയോഗിച്ച് റോബോട്ടുകളെ രൂപകല്പന ചെയ്ത് ട്രാക്ക് ആൻഡ് ഫീൽഡ് ഗെയിമുകളിൽ പങ്കെടുപ്പിച്ചാണ് മെഡലുകൾ കരസ്ഥമാക്കിയത്. സയൻസ് ടെക്‌നോളജി, എൻജിനീയറിംഗ്, കണക്ക് എന്നിവ സംയോജിപ്പിച്ച് മികച്ച കണ്ടുപിടിത്തമാണ് ലക്ഷ്യമിടുന്നതെന്ന് ടീമംഗങ്ങൾ പറഞ്ഞു. ഗൗരിലക്ഷ്മി പാർവതി,അസിയാ സലാം,എസ്.പാർവതി, എസ്.വൈശാലി,ഗീതുകൃഷ്ണ,ആദിത്യ,അഭിരാമി,അമൃത,ഋതുകൃഷ്ണ, പാർവതി എസ്.ബി,അസ്മിയ,അവന്തിക എന്നിവരാണ് ടീമംഗങ്ങൾ.സ്‌കൂളിൽ ക്രമീകരിച്ചിട്ടുള്ള അടൽ ട്വിങ്കറിംഗ് ലാബിലെ മികച്ച പരിശീലനമാണ് നേട്ടങ്ങൾക്ക് വഴിയൊരുക്കിയത്.വിജയികളെ സ്‌കൂൾ പി.ടി.എ അനുമോദിച്ചു.