തിരുവനന്തപുരം: സി.പി.ഐ അല്ല ആരു പറഞ്ഞാലും മാവോയിസ്റ്റുകൾ നാടിന്റെ ശാപമാണെന്നും ലോകത്തെ ആറു ഭീകര സംഘടനകളിൽ ഒന്നാണിതെന്നും ആർ.ബാലഷ്ണപിള്ള പറഞ്ഞു. മുഖ്യമന്ത്രിയുടെ നടപടിയിൽ തെറ്റുകാണുന്നില്ല. മരിച്ച മാവോയിസ്റ്റുകളിൽ മലയാളികളില്ല. സംസ്ഥാനത്തിന് പുറത്തു നിന്നെത്തി കേരളത്തെ കലാപഭൂമിയാക്കാനുള്ള ഇവരുടെ ശ്രമത്തെ എതിർത്ത പൊലീസിന്റെ നടപടി അംഗീകരിക്കുന്നുവെന്നും സംസ്ഥാന കമ്മറ്റിയോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.തീവ്രവാദസംഘടനകളിൽപ്പെട്ടവർ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളിലേക്ക് നുഴഞ്ഞുകയറുന്നതിന്റെ ഉദാഹരണമാണ് കോഴിക്കോട്ട് രണ്ടുയുവാക്കളുടെ അറസ്റ്റിൽ നിന്നും വ്യക്തമാകുന്നത്.
എൻ.എസ്.എസിന്റേത് സമദൂരമാണ്. സമദൂരത്തിൽനിന്നും ശരിദൂരത്തിലേക്കുള്ള മാറ്റത്തിന് ബോർഡ് യോഗം കൂടിയിട്ടില്ല. സുകുമാരൻ നായർക്ക് വ്യക്തിപരമായി രാഷ്ട്രീയ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അങ്ങനെയാണ് ശരിദൂരം പറഞ്ഞതെന്നാണ് കരുതുന്നത്.ശബരിമല വിഷയത്തിൽ 2006 മുതൽ കേസ് നടത്തുന്ന പ്രസ്ഥാനമെന്ന നിലയിൽ അഭിപ്രായം പറയാൻ എൻ.എസ്.എസിന് അവകാശമുണ്ട്. ശബരിമല വിഷയത്തിൽ ബി.ജെ.പിയും കോൺഗ്രസും ഇരട്ടത്താപ്പാണ് കാണിച്ചത്. മുന്നാക്ക വികസന കോർപ്പറേഷന് ആവശ്യമായ ഫണ്ട് സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം നടപ്പിൽവന്നതായും അദ്ദേഹം പറഞ്ഞു. ഇതിന്റെ പേരിൽ എൻ.എസ്.എസ് പിണങ്ങേണ്ട കാര്യമുണ്ടായിട്ടില്ല.
ജോസ് ആണോ ജോസഫാണോ ശരിയെന്ന ചോദ്യത്തിന് രണ്ടും ശരിയല്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു.