fff
അഞ്ചു

നെയ്യാറ്റിൻകര: ബാലരാമപുരം പരുത്തിച്ചകോണം എ.ആർ ഹൗസിൽ രാധാകൃഷ്‌ണൻ - അനിത ദമ്പതികളുടെ മകൾ അഞ്ജു (24) മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. ഭർത്താവ് പുന്നക്കാട് കൊട്ടാരക്കോണത്ത് സുരേഷ്‌കുമാറിന്റെ വീട്ടിൽ ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അഞ്ജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മൃതദേഹം വീട്ടിൽ സൂക്ഷിച്ച ശേഷം രാത്രി 7.30ഓടെയാണ് അഞ്ജുവിന്റെ വീട്ടുകാരെ സുരേഷ് കുമാർ വിവരം ഫോൺചെയ്‌ത് അറിയിച്ചതെന്നാണ് ആരോപണം. ബന്ധുക്കൾ പുന്നക്കാട്ടെ വീട്ടിലെത്തിയപ്പോൾ കിടപ്പുമുറിക്ക് സമീപമുള്ള ഹാളിൽ തറയിൽ കിടത്തിയ നിലയിലായിരുന്നു മൃതദേഹം. ബന്ധുക്കൾ പത്താംകല്ലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. മഞ്ഞാലുമൂട്ടിലെ സ്വകാര്യ എൻജിനിയറിംഗ്‌ കോളേജിൽ നിന്നു ബി.ടെക് കഴിഞ്ഞ അഞ്ജുവും പാലക്കാട് കെ.എ.പി ബറ്റാലിയനിലെ പൊലീസുകാരനായ സുരേഷ്‌കുമാറും തമ്മിൽ 2016 നവംബറിലാണ് വിവാഹിതരായത്. സുരേഷ് കുമാർ ഇപ്പോൾ ഡെപ്യൂട്ടേഷനിൽ നിയമസഭയിലെ വാച്ച് ആൻഡ് വാർഡാണ്. ഇന്നലെ ആർ.ഡി.ഒ സുബ്രഹ്മണ്യത്തിന്റെ സാന്നിദ്ധ്യത്തിൽ ഇൻക്വിസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടത്തിനുശേഷം പരുത്തിച്ചക്കോണത്തെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിച്ചു. രാഹുലാണ് അഞ്ജുവിന്റെ സഹോദരൻ.

നിരന്തര മർദ്ദനം, അന്ധവിശ്വാസം

അഞ്ജുവിന് ഭർതൃവീട്ടിൽ പലപ്പോഴും മർദ്ദനമേറ്റിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. അമ്മയെ അച്ഛൻ മർദ്ദിച്ചതാണെന്ന് മകൻ അദ്വൈത് ആശുപത്രിയിൽവച്ച് പറഞ്ഞെന്നും ഇവർ അറിയിച്ചു. കിടപ്പുമുറിയിലെ തട്ടിൽ അഞ്ജു തൂങ്ങിമരിച്ചെന്നാണ് ഭർത്താവിന്റെ വീട്ടുകാർ പറയുന്നത്. എന്നാൽ ഒരുമേശയിൽ കയറിയാൽപ്പോലും സീലിംഗിൽ അഞ്ജുവിന് എത്താൻ കഴിയില്ലെന്നും ബന്ധുക്കൾ പറയുന്നു. അന്ധവിശ്വാസത്തിന്റെ പേരിൽ മാസമുറയുള്ള ദിവസങ്ങളിൽ കസേരയിൽ ഇരിക്കാൻപോലും അഞ്ജുവിനെ അനുവദിച്ചിട്ടില്ലെന്നും ഈ ദിവസങ്ങളിൽ കുഞ്ഞിന്റെ പാത്രംപോലും തൊടാൻ അനുവദിച്ചിരുന്നില്ലെന്നും ഇവർ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് നെയ്യാറ്റിൻകര പൊലീസ്‌ കേസെടുത്തു. സുരേഷ്‌കുമാർ പൊലീസ് കസ്റ്റഡിയിലാണ്. സുരേഷ്‌കുമാറിന്റെ അച്ഛനമ്മമാരുടെ പേര് എഴുതിവച്ച ഒരു കത്ത് പൊലീസ് രഹസ്യമായി കണ്ടെടുത്തതായി സൂചനയുണ്ട്. ഈ കത്ത് പെൺകുട്ടിയുടെ വീട്ടുകാർക്ക് നൽകിയിട്ടില്ല.