ബാലരാമപുരം: മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്രത്തിൽ യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിയേറ്റ് മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. താന്നിമൂട് കോഴോട് അനീഷ് ഭവനിൽ വിദ്യാധരൻ- നിർമ്മല ദമ്പതികളുടെ മകൻ പെയിന്റിംഗ് തൊഴിലാളിയായ വിനീത് എന്ന അനീഷ് (33) ആണ് മരിച്ചത്. സുഹൃത്ത് മണലി ഐത്തിയൂർ കൂടല്ലൂർ സ്വദേശി ബിനുവിനെ (46) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ സുഹൃത്തും ബിനുവിന്റെ ജ്യേഷ്ഠസഹോദരനുമായ ജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐത്തിയൂരിൽ ആൾത്താമസം കുറഞ്ഞ വയൽക്കരയ്ക്കു സമീപം ജയകുമാറിന്റെ വീട്ടിൽവച്ചായിരുന്നു അടിപിടി. രക്തം വാർന്ന നിലയിൽ മുറിക്കുള്ളിലായിരുന്നു അനീഷിന്റെ മൃതദേഹം കിടന്നിരുന്നത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റാണ് മരണമെന്ന് പൊലീസ് കരുതുന്നു.
പൊലീസ് പറയുന്നതിങ്ങനെ : ജയകുമാറിന്റെ വീട്ടിൽ സുഹൃത്തുക്കൾ പതിവായി മദ്യപിക്കാറുണ്ടായിരുന്നു. സംഭവദിവസം രാത്രി വൈകിയും മദ്യപാനം തുടർന്നു. ഇവിടെ മദ്യപിക്കുന്നതു സംബന്ധിച്ച് കൊല്ലപ്പെട്ട അനീഷും ജയകുമാറിന്റെ ഭാര്യയും തമ്മിൽ ഇതിനു മുമ്പ് വഴക്കുണ്ടായിരുന്നു. ഇതിനെച്ചൊല്ലി സംഭവദിവസം തർക്കമുണ്ടായി. മൂവരും തമ്മിലുള്ള വഴക്കിനിടെയാകാം അനീഷിനും ബിനുവിനും പരിക്കേറ്റത്. വീടിന് സമീപത്ത് ഒഴിഞ്ഞ മദ്യക്കുപ്പികളുടെ ശേഖരവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബാലരാമപുരം സി.ഐ ജി. ബിനുവിന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ഥൻ രഞ്ചു, വിരലടയാള വിദഗ്ദ്ധൻ വിവേകാനന്ദൻ, ഡോഗ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘം ജയകുമാറിന്റെ വീട്ടിലും പരിസര പ്രദേശത്തും തെളിവെടുപ്പ് നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അനീഷ് അവിവാഹിതനാണ്. വിവാഹിതയായ വിനീത ഏക സഹോദരി.