വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ 19 കുടുംബശ്രീ യൂണിറ്റുകൾക്ക് 28,6000 രൂപയുടെ റിവോൾവിംഗ് ഫണ്ട് കൈമാറി. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കി ചെറുകിട കച്ചവട യൂണിറ്റുകൾ ആരംഭിക്കുന്നതിനായാണ് ഗ്രാമപഞ്ചായത്ത് ഈ തുക കൈമാറിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം ഫണ്ട് വിതരണം ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അരുണ എസ്.ലാൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ശ്രീലേഖക്കുറുപ്പ്, സി.ഡി.എസ് ചെയർപേഴ്സൺ ബേബി സേനൻ, പഞ്ചായത്ത് അസി. സെക്രട്ടറി നിതിൻ, കുടുംബശ്രീ അക്കൗണ്ടന്റ് രേഷ്മ എന്നിവർ സംസാരിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന ആരോഗ്യ വിദ്യാഭ്യാസ ക്ലാസ് ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ. അനിൽകുമാർ നയിച്ചു.