pinarayi-vijayan

തിരുവനന്തപുരം: കാസർകോട് ജില്ലയിലെ സായുധ പൊലീസ് ബ​റ്റാലിയൻ സിവിൽ പൊലീസ് ഓഫീസർ തസ്തികയുടെ റാങ്ക്‌ലിസ്​റ്റിൽ നിന്ന് പ്രൊവിഷണലായി അഡ്വൈസ് മെമ്മോ നൽകുന്നതിനുള്ള സാദ്ധ്യത പി.എസ്.സിക്ക് മുന്നിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയിൽ സർക്കാരിന് ഇടപെടുന്നതിന് പരിമിതിയുള്ളതിനാലാണിത്. പി.എസ്.സി പരീക്ഷാ തട്ടിപ്പിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്റി.

പ്രമേയം ചർച്ചയ്‌ക്കെടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
പൊലീസ് ലാഘവ ബുദ്ധിയോടെ അന്വേഷിച്ചതിനാലാണ് കേസിലെ പ്രതികൾക്ക് ജാമ്യം കിട്ടിയതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ അനൂപ് ജേക്കബ് പറഞ്ഞു. ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നാണ് എ.ഡി.ജി.പി തച്ചങ്കരി റിപ്പോർട്ട് നൽകിയത്. പിന്നെ ചോദ്യങ്ങൾ ശൂന്യതയിൽ നിന്ന് വന്നതാണോയെന്നും അദ്ദേഹം ചോദിച്ചു.
കു​റ്റവാളികൾ ശിക്ഷിക്കപ്പെടും, ഒരാളും രക്ഷപ്പെടില്ല എന്ന്‌ മുഖ്യമന്ത്റിയിൽ നിന്ന് കേട്ട് കേട്ട് ശിരസ് താഴുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസ് അന്വേഷണം പൂർത്തിയാകും മുമ്പ് ചോദ്യം ചോർന്നിട്ടില്ലെന്ന റിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ചിന് എങ്ങനെ കഴിയും?​ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന അന്വേഷണം മാത്രമാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ നടത്തുന്നതെന്നും അതിനാൽ സി.ബി.ഐ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ബി.ജെ.പി അംഗം ഒ. രാജഗോപാലും വാക്കൗട്ട് നടത്തി.