തിരുവനന്തപുരം: സംസ്ഥാനത്ത് സൂക്ഷ്മ-ചെറുകിട ഇടത്തരം വ്യവസായങ്ങൾ ശക്തിപ്പെടുത്താനും കൂടുതൽ സംരംഭകരെ ആകർഷിക്കാനും ക്രിയാത്മക നടപടികൾ സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ നിയമസഭയിൽ പറഞ്ഞു.
10 കോടി രൂപ വരെ മുതൽ മുടക്കുള്ള വ്യവസായങ്ങൾ സംരംഭകൻ ആഗ്രഹിക്കുമ്പോൾ തന്നെ തുടങ്ങാൻ സാധിക്കുന്ന വിധത്തിലുള്ള നിയമ ഭേദഗതിയാണ് ഉദ്ദേശിക്കുന്നതെന്നും ഇത് സംബന്ധിച്ച രണ്ട് ബില്ലുകൾ അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. സംരംഭകർ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡിലും ജില്ലാ ബോർഡിലും സ്വയം സാക്ഷ്യപത്രം നൽകിയാൽ മതി. സാക്ഷ്യപത്രം ഏകജാലക ക്ലിയറൻസ് ബോർഡ് കൈപ്പറ്റി രസീത് നൽകണം. മൂന്ന് വർഷമായിരിക്കും കാലാവധി. ഇത് കണക്കാക്കിയാണ് വ്യവസായ സ്ഥാപനത്തിന് അനുമതി നൽകുന്നത്.
എന്നാൽ 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥയ്ക്ക് വിരുദ്ധമായി ഭൂമി ഉപയോഗിക്കാൻ പാടില്ല. 2016ലെ കേരള നഗര -ഗ്രാമാസൂത്രണ നിയമ പ്രകാരം വിജ്ഞാപനം ചെയ്ത മാസ്റ്റർ പ്ളാൻ പ്രാബല്യത്തിലുള്ള ഭാഗങ്ങളിൽ ഭൂവിനിയോഗ വ്യവസ്ഥ ലംഘിച്ച് ഭൂമി ഉപയോഗിക്കാനും പാടില്ല. സംരംഭകർ വിവിധ ഓഫീസുകൾ കയറിഇറങ്ങേണ്ട അവസ്ഥ ഇതോടെ ഒഴിവാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഓൺലൈൻ വഴി ലൈസൻസ് ലഭ്യമാക്കുകയാണ് ലക്ഷ്യം. ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.