1

പൂവാർ: പതിനൊന്ന് മാസമായി തുടരുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ജല അതോറിറ്റി നെയ്യാറ്റിൻകര എക്സിക്യൂട്ടിവ് എൻജിനിയറെ ഉപരോധിച്ചു. കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന നന്നംകുഴി, മന്നോട്ടുകോണം മേഖലകളിലെ നാനൂറോളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. പല തവണ വാർഡ് മെമ്പറെയും മറ്റ് ബന്ധപ്പെട്ട അധികാരികളെയും സമീപിച്ചെങ്കിലും ശാശ്വത പരിഹാരമുണ്ടായില്ല.

ആട്ടറമൂല പമ്പ് ഹൗസിൽ നിന്നായിരുന്നു ഈ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിയിരുന്നത്. എന്നാൽ ഇവിടെയുള്ള പമ്പ് കേടായി. തുടർന്ന് അറ്റകുറ്റപണിക്കിടെ കയർപൊട്ടി കുഴൽക്കിണറിനുള്ളിൽ കുടുങ്ങി. ഇതോടെ ഈ കുഴൽക്കിണർ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഭൂഗർഭ ജല അതോറിറ്റി സമീപത്ത് മറ്റൊരു കുഴൽ കിണർ നിർമ്മിച്ചെങ്കിലും അധികൃതരുടെ അനാസ്ഥ മൂലം ഇതിൽ ഇറക്കേണ്ട പൈപ്പുകൾ വൈകിയതോടെ കുഴൽക്കിണറിൽ മണ്ണിറങ്ങി മൂടി.

സംഭവം ശ്രദ്ധയിൽപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്ഥലത്തുണ്ടായിരുന്ന ഭൂഗർഭ ജല അതോറിറ്റിയുടെ കുഴൽക്കിണർ നിർമ്മിക്കുന്ന യന്ത്രം തടഞ്ഞ് പ്രതിഷേധിച്ചു. തുടർന്ന് മറ്റൊരു കുഴൽക്കിണർ നിർമ്മിക്കാൻ അധികൃതർ തയ്യാറായി. രണ്ട് മാസം മുമ്പ് കുഴൽക്കിണർ നിർമ്മിച്ച് പൈപ്പ് ഇറക്കിയെങ്കിലും പുതിയ പമ്പ് സ്ഥാപിച്ച് ജലവിതരണം പുനഃസ്ഥാപിക്കാൻ അധികൃതർക്കായില്ല. ഇതോടെയാണ് ഡി.വൈ.എഫ്.ഐ പയറ്റുവിള മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് എൻജിനിയറെ തടഞ്ഞുവച്ചത്.

തുടർന്ന് സൂപ്രണ്ടിംഗ് എൻജിനിയറുടെ അനുമതി ഉടൻ ലഭ്യമാക്കി, കോയമ്പത്തൂരിൽ നിന്നു പുതിയ പമ്പുകൾ വാങ്ങാനുള്ള നടപടികൾ കരാറുകാരനെക്കൊണ്ട് ചെയ്യിപ്പിക്കുമെന്നും, 20 ദിവസത്തിനുള്ളിൽ ജലവിതരണം പുനസ്ഥാപിക്കുമെന്നും രേഖാമൂലം എഴുതി നൽകിയതോടെ ഉപരോധം അവസാനിപ്പിച്ച് പ്രവർത്തകർ പിരിഞ്ഞുപോയി.