തിരുവനന്തപുരം:പട്ടികവിഭാഗങ്ങൾക്കായി സർക്കാർ സർവീസിൽ സംവരണം ചെയ്തിട്ടുള്ള 1149 തസ്തികകൾ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നതിനെതിരെ സംസ്ഥാന എസ്.സി-എസ്.ടി കമ്മിഷൻ കേസെടുത്തു. ഇത് സംബന്ധിച്ച 'കേരളകൗമുദി' റിപ്പോർട്ടിനെത്തുടർന്നാണ് നടപടി.
എല്ലാ വകുപ്പുകളും പി.എസ്.സിയും ഈ മാസം 30നകം ഒഴിവുകളെയും നിയമനങ്ങളെയും കുറിച്ച് കമ്മിഷന് റിപ്പോർട്ട് നൽകണം. റിപ്പോർട്ട് നൽകാത്ത വകുപ്പ് സെക്രട്ടറിമാരെ വിളിച്ചുവരുത്തി വിശദീകരണം തേടും. എല്ലാ വകുപ്പുകളിലെയും എസ്.സി, എസ്.ടി നിയമനങ്ങൾ നിരീക്ഷിക്കാൻ കമ്മിഷൻ സ്ഥിരം സംവിധാനമുണ്ടാക്കി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വകുപ്പുകളും നിയമനം നടത്തുന്നതിൽ പി.എസ്.സിയും വരുത്തുന്ന വീഴ്ചകൾ എല്ലാ മാസവും പരിശോധിക്കും. വീഴ്ച വരുത്തിയാൽ കർശന നടപടിയെടുക്കുമെന്ന് പട്ടികജാതി -ഗോത്രവർഗ്ഗ കമ്മിഷൻ ചെയർമാൻ ബി.എസ്.മാവോജി 'കേരളകൗമുദി'യോട് പറഞ്ഞു.
എസ്.സി-എസ്.ടി സംവരണ തസ്തികകൾ ഒഴിച്ചിട്ടതിനെക്കുറിച്ച് കമ്മിഷൻ സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. പൊതുഭരണ വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിലും പി.എസ്.സി നൽകിയ റിപ്പോർട്ടിലും വൈരുദ്ധ്യമുണ്ട്. അതിനാലാണ് സംവരണ തസ്തികകളും ഒഴിവുകളും നേരിട്ട് പരിശോധിക്കാൻ തീരുമാനിച്ചത്.