pinarayi-vijayan

തിരുവനന്തപുരം: സാമൂഹിക ജീർണത വളർത്തുന്ന നീരാളിക്കൈകളിൽ ജനങ്ങൾ അകപ്പെടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നന്തൻകോട്ടെ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ (ടി.ഡി.ഇ.സി.എഫ്) ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതി, മത ഭേദം വരുത്തുന്ന ജീർണചിന്തകൾക്കെതിരെ പ്രവർത്തിക്കാനും സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റാനും ദേവസ്വം മേഖലയിൽ തൊഴിലെടുക്കുന്നവർക്കാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടി.ഡി.ഇ.സി.എഫ് പ്രസിഡന്റ് സി.എൻ. രാമൻ അദ്ധ്യക്ഷനായി. സംഘടനയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ നിർവഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാർ എന്നിവർ സംസാരിച്ചു. ടി.ഡി.ഇ.സി.എഫ് ജനറൽ സെക്രട്ടറി ജി. വാസുദേവൻ നമ്പൂതിരി സ്വാഗതവും മന്ദിര നിർമ്മാണ കമ്മിറ്റി കൺവീനർ എസ്. അരുൺകുമാർ നന്ദിയും പറഞ്ഞു.