വയനാട്: മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും ആയിരുന്ന ആർ. ശങ്കർ, അധഃസ്ഥിത ജനവിഭാഗത്തിന്റെ പുരോഗതിക്കായി മഹത്തായ സംഭാവനകൾ നൽകിയ ഭരണാധികാരിയും, സാമൂഹിക പരിഷ്‌കർത്താവുമായിരുന്നെന്ന് ഐ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് വയനാട് ജില്ലാ കമ്മിറ്റിയും ഡി.സി.സിയും സംഘടിപ്പിച്ച ആർ. ശങ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ വിചക്ഷണനും അഭിഭാഷകനും പത്രാധിപരും സാംസ്‌കാരിക നായകനുമായിരുന്ന ആർ. ശങ്കർ കേരളത്തിന്റെ നവോത്ഥാന ശില്പികളിൽ ഒരാളാണ്. പിന്നാക്ക ജനതയുടെ സമഗ്ര വിമോചനത്തിന് നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ സന്ദേശങ്ങൾ ഇന്നും പ്രസക്തമാണ്.
"വിദ്യകൊണ്ട് പ്രബുദ്ധരാവണമെന്ന' ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം പിന്തുടർന്ന് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ ആർ. ശങ്കർ നേതൃത്വം നൽകി. പിന്നാക്ക ജനവിഭാഗത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസിനൊപ്പം ചേർത്ത് നിറുത്താൻ, ആർ. ശങ്കർ എന്ന ധീരനായ, മനുഷ്യസ്നേഹിയായ നേതാവിന്റെ ദീപ്തസ്മരണ പുതുക്കലിലൂടെ കഴിയട്ടെയെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
14 ജില്ലകളിലും ആർ. ശങ്കർ അനുസ്മരണ സമ്മേളനം നടത്തി. കൊല്ലത്ത് ആർ. ശങ്കർ സ്മൃതി മണ്ഡപത്തിൽ കെ.പി സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ചെയർമാൻ അഡ്വ. സുമേഷ് അച്യുതൻ പുഷ്പചക്രം സമർപ്പിച്ചു.
തൃശൂരിൽ ടി.എൻ. പ്രതാപൻ എം.പി, പത്തനംതിട്ടയിൽ ആന്റോ ആന്റണി എം.പി, എറണാകുളത്ത് മുൻമന്ത്രി കെ. ബാബു, കാസർകോട് ഹക്കീം കുന്നേൽ, കണ്ണൂരിൽ സതീശൻ പാച്ചേനി, കോഴിക്കോട് ടി. സിദ്ധിക്ക്, മലപ്പുറത്ത് അഡ്വ. വി.വി. പ്രകാശ്, പാലക്കാട് സി.വി. ബാലചന്ദ്രൻ, ഇടുക്കിയിൽ ഇബ്രാഹിംകുട്ടി കല്ലാർ, കോട്ടയത്ത് അഡ്വ. ഗോപകുമാർ, ആലപ്പുഴയിൽ എം. ലിജു, തിരുവനന്തപുരത്ത് അഡ്വ. സുമേഷ് അച്യുതൻ എന്നിവർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ബാബുനാസർ, ഷാജിദാസ്, അജി രാജകുമാർ, എം.ഉമ്മർ എന്നിവർ പങ്കെടുത്തു.