തിരുവനന്തപുരം: നിയമസഭയ്ക്ക് സമീപത്ത് മാദ്ധ്യമപ്രവർത്തകനെ അസഭ്യം വിളിച്ച് വനിതാ സിവിൽ പൊലീസ് ഓഫീസർ. കൈയേറ്റ ശ്രമവുമുണ്ടായി. ജയ്‌ഹിന്ദ് ടി.വി കാമറാമാൻ ബിബിനിന് നേരെയാണ് വനിതാ സി.പി.ഒ തെറിപറയുകയും ആക്രോശിക്കുകയും ചെയ്തത്. മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ ചരമവഷിക ദിനാചരണം റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു കാമറാമാനും സംഘവും.
വാഹനം റോഡരികിൽ നിറുത്തി കാമറ എടുക്കുന്നതിനിടെ വനിതാ സി.പി.ഒ സ്ഥലത്തെത്തി പാർക്ക് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോൾ പ്രകോപനമില്ലാതെ ബിബിൻ കുമാറിന്റെ മുഖത്ത് അടിക്കുകയും തെറിവിളിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ
'എനിക്ക് ആരെയും ഭയമില്ല. നീ വീഡിയോ എടുക്കെടാ" എന്ന് ആക്രോശിക്കുകയും ചെയ്തു. തുടർന്ന് മറ്റ് പൊലീസുകാർ ചേർന്ന് ഉദ്യോഗസ്ഥയെ സ്ഥലത്ത് നിന്ന് മാറ്റി. ബിബിൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു.
സി.പി.ഒയ്ക്ക് മാനസികാസ്വാസ്ഥ്യമെന്ന് പൊലീസ്
വനിതാ സി.പി.ഒയ്ക്ക് മാനസിക പ്രശ്നമുണ്ടെന്ന് പൊലീസ് പറഞ്ഞു. മാനസിക രോഗത്തിന് നേരത്തെ ചികിത്സയിലായിരുന്നു അവർ. ചികിത്സയ്ക്കുശേഷം വേറെ പ്രശ്‌നങ്ങളൊന്നും കാണിക്കാത്തതിനെ തുടർന്നാണ് വീണ്ടും ഡ്യൂട്ടിക്ക് നിയോഗിച്ചത്. ഈ സംഭവത്തെ തുടർന്ന് അവരെ വീണ്ടും ചികിത്സയ്ക്കായി അയച്ചതായും പൊലീസ് വ്യക്തമാക്കി.