തിരുവനന്തപുരം: ജാതിമതങ്ങൾക്ക് അതീതമായി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യം വച്ച ജനനേതാവായിരുന്നു ആർ. ശങ്കറെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയിൽ വിദ്യാഭ്യാസമേഖലയിൽ വരുത്തിയ പുരോഗതിയും ചുവടുവയ്പുകളും അദ്ദേഹത്തിന്റെ മതേതരസ്വഭാവത്തിന്റെ ഉദാഹരണമായിരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ഗുരുദേവ സന്ദേശം പ്രാവർത്തികമാക്കാൻ നിലപാടുകൾ കൈക്കൊണ്ട ആർ. ശങ്കർ എന്ന ഭരണാധികാരിയെ കേരളീയർക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും ചെന്നിത്തല അനുസ്മരിച്ചു. ആർ. ശങ്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആർ. ശങ്കറിന്റെ 47-ാം ചരമവാർഷിക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം ആർ. ശങ്കർ സ്‌ക്വയറിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആർ. ശങ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം നടന്ന അനുസ്മരണ സമ്മേളനത്തിൽ ആർ. ശങ്കർ ഫൗണ്ടേഷൻ പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ അതിശക്തനായ പോരാളിയായിരുന്നു ആർ. ശങ്കറെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെ.പി.സി.സി മുൻ പ്രസിഡന്റുമാരായ വി.എം. സുധീരൻ, എം.എം. ഹസൻ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, കെ.പി.സി.സി ജനറൽസെക്രട്ടറിമാരായ തമ്പാനൂർ രവി, മൺവിള രാധാകൃഷ്ണൻ, ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ഡോ. കെ. മോഹൻകുമാർ, ശാസ്തമംഗലം മോഹനൻ, കമ്പറ നാരായണൻ, എസ്.കെ. അശോക് കുമാർ, ഹരികുമാർ, മുത്തുകൃഷ്ണൻ, ഡി.പി. രഞ്ജിത്ത്, കടകംപള്ളി ഹരിദാസൻ, ആർ. ശങ്കർ ഫൗണ്ടേഷൻ ഭാരവാഹികളായ സി. സുരേന്ദ്രൻ, കുന്നുകുഴി സുരേഷ്, അജിത്ത്, അഡോൽഫ് ജറോം, കൊഞ്ചിറവിള വിനോദ് തുടങ്ങിയവർ പങ്കെടുത്തു. കവികളായ സദാശിവൻ പൂവത്തൂർ, വി. വിശ്വംഭരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആശാൻ കവിതാലാപനവും നടന്നു.