തിരുവനന്തപുരം : പി.എസ്.സിയുടെ മലയാളനിഷേധം കെ.എ.എസ് പരീക്ഷയുടെ വിജ്ഞാപനത്തിലും തുടരുന്ന സാഹചര്യത്തിൽ ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതി മലയാളസമരം പുനരാരംഭിക്കുന്നു. കെ.എ.എസ് അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതിയായ ഡിസംബർ 4 നു മുമ്പ് മലയാളത്തിലും കൂടി ചോദ്യങ്ങൾ നൽകുമെന്ന ഭേദഗതി വിജ്ഞാപനത്തിൽ വരുത്തേണ്ടതുണ്ട്. ഭേദഗതി പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പി.എസ്.സിക്കും നിവേദനം സമർപ്പിക്കാൻ തിരുവനന്തപുരത്ത് ചേർന്ന അടിയന്തരയോഗം തീരുമാനിച്ചു. ഇതു നടപ്പാകുന്നില്ലെങ്കിൽ സംയുക്തസമരസമിതി നവംബർ 11 മുതൽ പി.എസ്.സി ആസ്ഥാനത്ത് വിദ്യാർത്ഥികളുടെ റിലേ നിരാഹാരസമരം സംഘടിപ്പിക്കും. 18 മുതൽ അനിശ്ചിതകാലനിരാഹാരസമരം പുനരാരംഭിക്കും. അടിസ്ഥാനബിരുദം യോഗ്യത വേണ്ട പരീക്ഷകളുടെ ചോദ്യങ്ങൾ മലയാളത്തിലും നൽകാൻ പി.എസ്.സിക്കു നിർദ്ദേശം നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ മാനിച്ചാണ് സംയുക്തസമരസമിതി 19 ദിവസം നീണ്ട സമരം സെപ്തംബർ 16 ന് അവസാനിപ്പിച്ചത്.