തിരുവനന്തപുരം: കേരള പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും തദ്ദേശസ്വയംഭരണ വകുപ്പിനും കീഴിലുള്ള റോഡുകളുടെ അറ്റകുറ്റ പണികളും പുനർനിർമ്മാണവും അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ തുടർ നടപടികൾ പരിശോധിക്കാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി ആവശ്യമെങ്കിൽ മുഖ്യമന്ത്റിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്റി പറഞ്ഞു.
കേരള പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ 295 കിലോമീറ്റർ ദൈർഘ്യം വരുന്ന 31 റോഡുകൾക്കായി 300 കോടി രൂപ ലോകബാങ്കിന്റെ വികസനനയ വായ്പയിൽ നിന്നു അനുവദിക്കാൻ കഴിഞ്ഞ ആഗസ്റ്റിൽ തീരുമാനിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിൽ 602 കിലോമീറ്ററുള്ള 322 റോഡുകൾക്ക് 488 കോടിയും അനുവദിച്ചിരുന്നു. ഇതിന്റെ തുടർ നടപടികൾ യോഗം വിലയിരുത്തി.
2018ലെ മഹാപ്രളയത്തിന് ശേഷം പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂടി ആകെ 613.71 കോടി രൂപ ചെലവിൽ 9064.49 കിലോമീറ്റർ റോഡിന്റെ അറ്റകുറ്റപണികൾ നടത്തി. ഇതിൽ കുറച്ചു ഭാഗം 2019 ലെ പ്രളയത്തിൽ തകർന്നു.
മന്ത്റിമാരായ ജി. സുധാകരൻ, എ.സി. മൊയ്തീൻ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, പി.ഡബ്ല്യു.ഡി. അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ്, കേരള പുനർനിർമ്മാണ പദ്ധതി സി.ഇ.ഒ ഡോ. വി. വേണു തുടങ്ങിയവർ സംബന്ധിച്ചു.
മെച്ചപ്പെട്ട ദുരന്ത പ്രതിരോധ ശേഷിയോടെ നിർമ്മിക്കുന്ന റോഡുകളുടെ നിർമ്മാണം ഡിസംബർ 31നകവും അറ്റകുറ്റപണികൾ മാത്രമുള്ളവ 2020 മെയ് മാസത്തോടെയും പൂർത്തിയാക്കണം.
മഴക്കാലം മുൻകൂട്ടികണ്ട് പ്രവൃത്തികൾ ആസൂത്രണം ചെയ്യണം.
മഴമാറിയാൽ ഉടൻ ഫീൽഡ് പ്രവർത്തനങ്ങൾ ആരംഭിക്കണം
നിർമ്മിക്കേണ്ട റോഡുകൾ മൂന്നു മാസത്തിനുള്ളിൽ പണിതീർക്കാവുന്ന പാക്കേജുകളായി തിരിച്ച് നടപടിയെടുക്കണം.
ഫീൽഡ് സർവേ നടത്തി വിശദാംശരേഖ തയ്യാറാക്കാൻ മുൻപരിചയവും തെളിയിക്കപ്പെട്ട ശേഷിയുമുള്ള ഏജൻസികളെയും റോഡുനിർമ്മാണത്തിന് ആധുനിക സന്നാഹങ്ങളുള്ള നിർമ്മാണ കമ്പനികളെയും മുൻകൂട്ടി എംപാനൽ ചെയ്യണം.
തദ്ദേശ സ്വയംഭരണ വകുപ്പിന് ലഭ്യമാക്കിയിട്ടുള്ള മെയിന്റനൻസ് ഗ്രാന്റും ഇതിന് ഉപയോഗിക്കും.