തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ച സർക്കാർ ഉദ്യോഗസ്ഥനും ഇടത് യൂണിയൻ നേതാവുമായ ആളിനെ പിടികൂടാൻ പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതാണ് അന്വേഷണത്തിന് തടസമാകുന്നത്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഇയാൾ മൊബൈൽ ഫോൺ ഒഫ് ചെയ്‌ത് ഒളിവിൽ പോകുകയായിരുന്നു. ഇയാൾ മകളെ പല തവണ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന മാതാവിന്റെ പരാതിയിലാണ് കേസെടുത്തത്. കോടതിയിലും കുട്ടി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. കുട്ടിയുടെ മാതാവിന്റെ മൊഴി കോടതിയിൽ ഉടൻ രേഖപ്പെടുത്തും. പോക്‌സോ നിയമപ്രകാരമുള്ള കേസിലെ പ്രതിയെ പിടികൂടാൻ കഴിയാത്തത് പൊലീസിന്റെ വീഴ്‌ചയാണെന്ന് ആരോപണമുയർന്നിരുന്നു.