city

തിരുവനന്തപുരം : എയർപോർട്ട് പരിസരത്ത് സർക്കാർ സഹായത്തോടെ വീടുവയ്ക്കുന്നവർക്ക് സൗജന്യമായി എൻ.ഒ.സി ഒരാഴ്ചക്കുള്ളിൽ ലഭ്യമാക്കാൻ നഗരസഭാ സെക്രട്ടറിയുടെ നിർദേശം. മാസങ്ങളായി നഗരസഭാ ഓഫീസിൽ കെട്ടിക്കിടന്ന എയർപോർട്ട് അതോറിട്ടിയുടെ അപേക്ഷാഫോമിന്റെ മാതൃക കരാറുകാരന് കൈമാറി. ഗുണഭോക്താക്കൾക്ക് എൻ.ഒ.സിക്ക് ആവശ്യമായ നടപടികൾ പൂർത്തീകരിച്ചു നൽകുന്ന ഡി.ബി കൺസൾട്ടൻസിയുമായി കരാർ ഒപ്പുവച്ചു. ഒരാഴ്‌ചക്കുള്ളിൽ ആദ്യഘട്ടത്തിൽ ഉൾപെട്ടവർക്കുള്ള നിരാക്ഷേപ പത്രം ലഭ്യമാക്കുമെന്ന് നഗരസഭാ ചീഫ് എൻജിനിയർ അറിയിച്ചു. ജനങ്ങളുടെ ദുരിതം 'കേരളകൗമുദി" കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. വാർത്ത ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസ് തദ്ദേശസ്വയംഭരണ വകുപ്പിനോട് വിശദാംശം തേടി. തുടർന്ന് തദ്ദേശവകുപ്പ് മന്ത്രിയുടെ ഓഫീസ് നഗരസഭയോട് റിപ്പോർട്ട് തേടി. ഇതോടെ നഗരസഭാ സെക്രട്ടറി എൽ.എസ്. ദീപ, നഗരസഭാ എൻജിനിയർ അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. തുടർന്നാണാണ് നടപടികൾ വേഗത്തിലാക്കിയത്.

ഗുണഭോക്താക്കൾ എൻ.ഒ.സിക്ക് നൽകേണ്ട അപേക്ഷയുടെ മാതൃക കഴിഞ്ഞ ജൂലായിലാണ് നഗരസഭയ്ക്ക് എയർപോർട്ട് അതോറിട്ടി ഇ-മെയിൽ അയച്ചത്. ഇത് എൻ.ഒ.സിയ്ക്ക് ആവശ്യമായ നടപടികൾ പൂർത്തിയാക്കുന്ന കമ്പനിക്ക് പദ്ധതിയുടെ നോഡൽ ഓഫീസറായ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസർ കൈമാറാത്തതായിരുന്നു പ്രതിസന്ധിക്ക് കാരണം.

ഉദ്യോഗസ്ഥർക്കെതിരെ നടപടി

എയർപോർട്ട് അതോട്ടിയുമായി സഹകരിച്ച് എൻ.ഒ.സി ലഭ്യമാക്കുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഇത് സംബന്ധിച്ച നടപടികളുടെ നിർവഹണ ഉദ്യോഗസ്ഥനായ അസി.എക്സിക്യൂട്ടീവ് എൻജിനിയർ സാഹൂജി, തദ്ദേശ ഓംബുഡ്സ്മാന് മുമ്പാകെ ഇതുസംബന്ധിച്ച് കേസിൽ ഹാജരാകണം. വീഴ്വരുത്തിയ അസിസ്റ്റന്റ് എൻജിനിയർ സുനനയിൽ നിന്നും വിശദീകരണം തേടും. നഗരസഭാമെയിൻ ഓഫീസിൽ ചുമതലുണ്ടായിരുന്നപ്പോഴാണ് അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ സാഹൂജിയെ നോഡൽ ഓഫീസറായി നിയോഗിച്ചത്. ഇദ്ദേഹം ഇപ്പോൾ നേമം സോണൽ ഓഫീസിലാണ്. അതിനാൽ നോഡൽ ഓഫീസറുടെ ചുമതല മറ്രൊരാൾക്ക് നൽകാനും തീരുമാനമായി.