c

തിരുവനന്തപുരം: കൺട്രോൾ റൂം എസ്.ഐയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് വഞ്ചിയൂർ പൊലീസ് പറഞ്ഞു. നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശി ജയകുമാറിനെയാണ് കഴിഞ്ഞ ദിവസം വഞ്ചിയൂർ കവറടി ലെയ്നിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് നാലുദിവസത്തോളം പഴക്കമുണ്ടായിരുന്നു. രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങാൻ കിടന്ന ജയകുമാറിന് ഹൃദയാഘാതമുണ്ടായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. അവിവാഹിതനായ ഇദ്ദേഹം തനിച്ചായിരുന്നു താമസം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.