തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച വയോജന കേന്ദ്രത്തിനുള്ള വയോശ്രേഷ്ഠ സമ്മാൻ പുരസ്‌കാരം നേടിയ പത്തനാപുരം ഗാന്ധിഭവൻ സാരഥികൾക്ക് എൻ.ആർ.ഐ കൗൺസിൽ ഒഫ് ഇന്ത്യ സെൻട്രൽ കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദനവും സ്‌നേഹാദരവും മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. പത്തനാപുരം ഗാന്ധിഭവന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും പുരസ്കാര നേട്ടം കേരളത്തിന് തന്നെ വലിയ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ സി. ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷനായി. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, കെ. ധർമ്മരാജൻ, വക്കം ഷാജഹാൻ, ഇ. ശ്രീകുമാർ, പ്രസന്ന സോമരാജൻ, ജി. ഹരീഷ് കുമാർ, ടി.പി. മാധവൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ മുഖ്യപ്രഭാഷണവും ബ്രോഷർ പ്രകാശനവും നിർവഹിച്ചു. ലത്തീൻ അതിരൂപത സഹായ മെത്രാൻ ആർ. ക്രിസ്തുദാസ്, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാൾ, കലാപ്രേമി ബഷീർ ബാബു, എ. സൈഫുദ്ദീൻ ഹാജി, ടി.പി. മാധവൻ, മുൻ മന്ത്റി വി. സുരേന്ദ്രൻ പിള്ള , മാതാ ഗുരുപ്രിയ തുടങ്ങിയവർ സംസാരിച്ചു. എൻ.ആർ.ഐ കൗൺസിൽ ചെയർമാൻ എസ്. അഹമ്മദ് സ്വാഗതവും കൗശൽ പ്രഭാകർ നന്ദിയും പറഞ്ഞു. വൈകിട്ട് 4 മുതൽ തിരു. മെഡ്‌ലി ജംഗ്ഷൻ ബാൻഡ് ഗ്രൂപ്പിന്റെ മ്യൂസിക് ഷോയും അരങ്ങേറി.