കല്ലമ്പലം: വർക്കല - കല്ലമ്പലം റോഡിൽ ചേന്നൻകോട് മുതൽ ഞെക്കാട് സ്കൂൾ പരിസരം വരെയുള്ള മേഖലയിലും, ദേശീയ പാതയിൽ കല്ലമ്പലം മുതൽ കടംബാട്ടുകോണം വരെയും, നാവായിക്കുളം - പള്ളിക്കൽ റോഡിലും അറവ് മാലിന്യമുൾപ്പെടെയുള്ളവ തള്ളുന്നത് പതിവാകുന്നതായി പരാതി. കഴിഞ്ഞ ദിവസം ചേന്നൻകോട് ഗ്രന്ഥശാലയ്ക്ക് സമീപവും, മരുതിക്കുന്ന് ക്രിസ്ത്യൻ പള്ളിക്ക് സമീപവും അറവുമാലിന്യം തള്ളിയത് നാട്ടുകാർക്ക് വൻ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെതുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് സംഗതി പുറംലോകമറിഞ്ഞത്. ഇത് പല ദിവസങ്ങളിലും ആവർത്തിക്കുന്നതായും പലയിടത്തായി വിതറി നാട്ടുകാരുടെ സ്വൈരം കെടുത്തുന്നതായും പരാതിയുണ്ട്. അടുത്തിടെ ഖാദി മേഖലയിൽ വയലിന് സമീപവും, ഞാറയിൽക്കോണം സ്കൂളിനു സമീപവും ബാർബർ ഷോപ്പിൽ നിന്നുള്ള മുടി ഉൾപ്പെടെയുള്ള വേസ്റ്റുകൾ തള്ളിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രദേശത്തെ ജനവാസ മേഖലകളിൽ പലയിടത്തും ചെറുതും വലുതുമായ മാലിന്യ നിക്ഷേപം തുടരുന്നത് തടയാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഞെക്കാട് ജംഗ്ഷൻ മുതൽ മാവിൻമൂട് സ്കൂൾ വരെയുള്ള സ്ഥലത്തും നാവായിക്കുളം സ്കൂൾ പ്രദേശത്തും സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. കാമറ സ്ഥാപിച്ചാൽ മാലിന്യം തള്ളുന്ന വിരുദ്ധൻമാരെ പിടികൂടാനാകുമെന്നാണ് നാട്ടുകാരും പ്രദേശത്തെ കച്ചവടക്കാരും പറയുന്നത്.