uefa-champions-league
uefa champions league

. യുവന്റസ്, ബയേൺ മ്യൂണിക്, പാരീസ് എസ്.ജി എന്നിവർ നോക്കൗട്ട് ബർത്ത് സ്വന്തമാക്കി.

.മാഞ്ചസ്റ്റർ സിറ്റി കാത്തിരിക്കണം

. നോക്കൗട്ട് പ്രതീക്ഷയിൽ റയൽ മാഡ്രിഡിന്റെ ഗോളാറാട്ട്

മോസ്കോ : റഷ്യൻ ക്ളബ് ലോക്കോ മോട്ടീവ് മോസ്കോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ഇറ്റാലിയൻ ക്ളബ് യുവന്റസ് യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ബർത്ത് ഉറപ്പാക്കി. ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കും ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയും കഴിഞ്ഞരാത്രി നടന്ന ഗ്രൂപ്പിലെ നാലാം മത്സരങ്ങളിൽ വിജയിച്ച് നോക്കൗട്ടിലേക്ക് കടന്നിട്ടുണ്ട്. അതേസമയം ഇറ്റാലിയൻ ക്ളബ് അറ്റ്ലാന്റയോട് 1-1ന് സമനിലയിൽ പിരിഞ്ഞ ഇംഗ്ളീഷ് പ്രിമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പ് സിയിൽ ഒന്നാമതാണെങ്കിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ അടുത്ത മത്സര ഫലങ്ങൾ നിർണായകമാണ്. മുൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് ക്ളബ് ഗലറ്റസറിക്കെതിരെ മറുപടി ഇല്ലാത്ത അരഡസൻ ഗോളുകളുടെ തകർപ്പൻ വിജയവുമായി പ്രീക്വാർട്ടർ പ്രതീക്ഷ സജീവമാക്കിയിട്ടുണ്ട്.

മോസ്കോയിൽ നടന്ന മത്സരത്തിന്റെ മൂന്നാംമിനിട്ടിൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ തൊടുത്ത ഒരു തകർപ്പൻ ഫ്രീകിക്ക് പോസ്റ്റിന് തൊട്ടടുത്തുനിന്ന് വലയിലേക്ക് തട്ടിയിട്ട് ആരോൺ റാംസെ യുവന്റസിനെ മുന്നിലെത്തിച്ചിരുന്നു. എന്നാൽ 12-ാം മിനിട്ടിൽഅലക്‌സെ മിറാൻഫുക്കിലൂടെ ലോക്കോമോട്ടീവ് സമനില പിടിച്ചു. സമനിലയിൽ തീരുമെന്ന കളിയുടെ ഇൻജുറി ടൈമിലാണ് കോസ്റ്റ വിജയഗോൾ നേടിയത്. ഡി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജർമ്മൻ ക്ളബ് ബയേർ ലെവർ കൂസൻ 2-1ന് സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി. ആദ്യ വിജയം നേടിയെങ്കിലും ലെവർകൂസൻ ഗ്രൂപ്പിലെ അവസാന സ്ഥാനത്താണ്. യുവന്റസ്, അത്‌ലറ്റിക്കോ, ലോക്കോമോട്ടീവ് എന്നിവരാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.

ഗ്രൂപ്പ് ബിയിൽ തുടർച്ചയായ നാലാംവിജയം നേടിയാണ് ബയേൺ ബർത്ത് ഉറപ്പിച്ചത്. ഗ്രീക്ക് ക്ളബ് ഒളിമ്പിയാക്കോസ് പിറേയൂസിനെ 2-0 ത്തിനാണ് ബയേൺ കീഴടക്കിയത്. രണ്ടാംപകുതിയിൽ ലെവാൻ ഡോവ്സ്‌കിയും പെരിസിച്ചുമാണ് ബയേണിന്റെ ഗോളുകൾ നേടിയത്. മറ്റൊരു മത്സരത്തിൽ റെഡ് സ്റ്റാർ ബെൽഗ്രേസിനെ 4-0ത്തിന് തോൽപ്പിച്ച ടോട്ടൻ ഹാമാണ് ഗ്രൂപ്പ് ബിയിൽ രണ്ടാംസ്ഥാനത്ത്. ടോട്ടൻ ഹാമിനുവേണ്ടി സൺ ഹ്യൂംഗിമിൻ രണ്ടുഗോളുകൾ നേടി. ലോ സെൽസോയും എറിക് സണും ഒാരോ ഗോളടിച്ചു.

ക്ളബ് ബ്രൂവെയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച പാരീസ് എസ്.ജി നാല് കളികളിൽ 12 പോയിന്റുമായാണ് എ ഗ്രൂപ്പിൽ നിന്നുള്ള പ്രീക്വാർട്ടർ ബർത്ത് തുറപ്പിച്ചത്. 21-ാം മിനിട്ടിൽ ഇറ്റാലിയൻ താരം ഇക്കാർഡിയാണ് വിജയഗോൾ നേടിയത്.

റോഡ്രിഗോ നേടിയ ഹാട്രിക്കിന്റെ മികവിൽ ഗലറ്റസറിയെ 6-0 ത്തിന് കീഴടക്കിയ റയൽ മാഡ്രിഡ് എ ഗ്രൂപ്പിൽ രണ്ടാംസ്ഥാനത്തെത്തി പ്രീക്വാർട്ടർ സാദ്ധ്യത സജീവമാക്കി. 4,7,90 മിനിട്ടുകളിലായാണ് റോഡ്രിഗോ വല കുലുക്കിയത്. ബെൻസേമ 45, 81 മിനിട്ടുകളിൽ സ്കോർ ചെയ്തു. 14-ാം മിനിട്ടിൽ നായകൻ സെർജി റാമോസ് പെനാൽറ്റിയിൽ നിന്ന് വല കുലുക്കി.

കഴിഞ്ഞരാത്രി അറ്റലാന്റയെ കീഴടക്കിയിരുന്നുവെങ്കിൽ ഇംഗ്ളീഷ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീക്വാർട്ടർ ഉറപ്പിക്കാമായിരുന്നു. എന്നാൽ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റിരുന്ന അറ്റലാന്റ ആദ്യമൂന്ന് കളികളും ജയിച്ചിരുന്ന മാഞ്ചസ്റ്റർ സിറ്റിയെ 1-1ന് സമനിലയിൽ കുരുക്കുകയായിരുന്നു. ഏഴാം മിനിട്ടിൽ റഹിം സ്റ്റെർലിംഗിലൂടെ മുന്നിലെത്തിയിരുന്ന സിറ്റിയെ 49-ാം മിനിട്ടിൽ പസാലിച്ചിലൂടെയാണ് അറ്റ്ലാന്റ തളർച്ചത്.

മത്സര ഫലങ്ങൾ

പാരീസ് എസ്.ജി 1-ക്ളബ് ബ്രുഗെ 0

യുവന്റസ് 2-ലോക്കോ മോട്ടീവ് 1

ബയേൺ 2-ഒളിമ്പ്യാക്കോസ് 0

ലെവർകൂസൻ 2-അത്‌ലറ്റിക്കോ 1

അറ്റ്ലാന്റ 1- മാഞ്ചസ്റ്റർ സിറ്റി 0

ടോട്ടൻഹാം 4-റെഡ് സ്റ്റാർ 0

ഡൈനമോ 3-ഷാക്‌തർ 3

റയൽ മാഡ്രിഡ് 6-ക്ളബ് ബ്രുഗെ 0

പോയിന്റ് നില

ടീം, കളി, പോയിന്റ് ക്രമത്തിൽ

ഗ്രൂപ്പ് എ

പി.എസ്.ജി 4-12

റയൽ 4- 7

ബ്രുഗെ 4-2

ഗാലറ്റസറി 4-1

ഗ്രൂപ്പ് ബി

ബയേൺ 4-12

ടോട്ടൻ ഹാം 4-7

റെഡ് സ്റ്റാർ 4-3

ഒളിമ്പ്യാക്കോസ് 4-1

ഗ്രൂപ്പ് സി

മാൻ. സിറ്റി 4-10

ഷാക്‌‌തർ 4-5

ഡൈനമോ 4-5

അറ്റ്ലാന്റ 4-1

ഗ്രൂപ്പ് ഡി

യുവന്റസ് 4-10

അത്‌ലറ്റിക്കോ 4-7

ലോക്കോമോട്ടീവ് 4-3

ലെവർ കൂസൻ 4-3