uapa
photo

തിരുവനന്തപുരം:രണ്ട് സി.പി.എം പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയതിൽ പ്രഖ്യാപിത നിലപാട് ആവർത്തിച്ച് സി.പി.എം കേന്ദ്രനേതൃത്വം സംസ്ഥാന സർക്കാരിന് മേൽ സമ്മർദ്ദം കടുപ്പിച്ചു. പൊലീസ് നിലപാട് മാറ്റാതിരിക്കെ, യു.എ.പി.എ അതോറിറ്റിയുടെ ഇടപെടലിനാണ് ഇനി സാദ്ധ്യതയെങ്കിലും അതെപ്പോഴാണെന്ന് പറയാനാവില്ല. യു.എ.പി.എയിൽ കുറ്റപത്രം എന്ന് നൽകിയാലും അതുവരെ പ്രതികളെ ജയിലിൽ കിടത്താം. അതിനാൽ പൊലീസിനെ തിരുത്താനുള്ള രാഷ്ട്രീയ ഇടപെടൽ നിർണ്ണായകമാണ്. പക്ഷേ, അറസ്റ്റിലായവരെ കൈ വിടുന്നു എന്ന സംശയമുണർത്തി, സി.പി.എം ജില്ലാനേതൃത്വവും അവർക്കെതിരെ പാർട്ടിതല അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ്. അതിനിടെയാണ് യു.എ.പി.എ ചുമത്തിയത് തെറ്റാണെന്ന് മുതിർന്ന പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഇന്നലെ പറഞ്ഞത്.

ലഘുലേഖ പിടിച്ചെടുത്താൽ മാവോയിസ്റ്റാകില്ലെന്നും പൊലീസ് ചെയ്‌തത് തെറ്റാണെന്നും യു.എ.പി.എ എന്ന കരിനിയമത്തെ സി.പി.എം എന്നും എതിർത്തിട്ടുണ്ടെന്നുമാണ് കാരാട്ട് കൊച്ചിയിൽ പ്രതികരിച്ചത്. ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയും സമാനമായി പ്രതികരിച്ചിരുന്നു. ആരെയും ഭീകരവാദിയായി മുദ്രകുത്താനുള്ള നിയമപരമായ അധികാരം കേന്ദ്രത്തിന് നൽകുന്നതാണ് യു.എ.പി.എ നിയമ ഭേദഗതിയെന്നും അത് ഫെഡറലിസത്തെ ഹനിക്കുന്നതാണെന്നുമാണ് സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാട്. 'വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ ഏകപക്ഷീയമായി ഭീകരവാദിയായി പ്രഖ്യാപിക്കാൻ അനുവദിക്കുന്ന നിയമം രാജ്യത്തിന്റെ നീതിശാസ്ത്രത്തെ തകിടം മറിക്കുന്നതാണ്. കുറ്റം തെളിയുന്നത് വരെ ഏത് പ്രതിയും നിരപരാധിയാണെന്ന നീതിബോധം മാറി, നിരപരാധിയെന്ന് തെളിയിക്കുന്നത് വരെ ഏതൊരാളും കുറ്റവാളിയാണ് എന്ന നിലയാവുന്നു. നിരപരാധിത്വം തെളിയിക്കേണ്ടത് വ്യക്തിയുടെ ബാദ്ധ്യതയാവുന്നു. ഇത് വലിയ പീഡനങ്ങളിലേക്കും നീതിനിഷേധങ്ങളിലേക്കും നയിക്കും'- സി.പി.എം കേന്ദ്രകമ്മിറ്റിയുടെ രാഷ്ട്രീയരേഖ വ്യക്തമാക്കുന്നു. ഇതിൽ നിന്ന് സി.പി.എമ്മിന് പിറകോട്ട് പോകാനാവില്ല. കാരാട്ട് പ്രതികരിച്ചതും അതിനാലാണ്.

മുതിർന്ന പോളിറ്റ്ബ്യൂറോ അംഗമെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇതേ സമീപനമേ സ്വീകരിക്കാനാവൂ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. യു.എ.പി.എ ദുരുപയോഗം അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി എന്ന നിലയിൽ പരിമിതിക്കകത്ത് നിന്ന് പറയാവുന്നതിന്റെ പരമാവധിയാണ് അദ്ദേഹം നിയമസഭയിൽ പറഞ്ഞതെന്നാണ് സി.പി.എം കേന്ദ്രങ്ങളുടെ വാദം.

മാവോയിസ്റ്റ് വേട്ടയും യു.എ.പി.എ ചുമത്തലുമടക്കം വിവാദങ്ങൾ ആഭ്യന്തരവകുപ്പിനെയും മുഖ്യമന്ത്രിയെയും വേട്ടയാടുമ്പോൾ പ്രതിപക്ഷത്തേക്കാൾ വീറോടെ മുന്നണിക്കകത്ത് സി.പി.ഐ നിലപാടെടുക്കുന്നതും സി.പി.എമ്മിന് തലവേദനയായി. ഇത് സി.പി.എം - സി.പി.ഐ ബന്ധം കൂടുതൽ വഷളാക്കി. പേരെടുത്ത് പറഞ്ഞില്ലെങ്കിലും സി.പി.ഐയെ തള്ളുകയായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി. ചീഫ്സെക്രട്ടറിയുടെ ലേഖനം അവരെ കൂടുതൽ പ്രകോപിപ്പിച്ചു. എന്നാൽ നിയമസഭയിൽ പ്രതിപക്ഷത്തിന് വളമാകുന്നത് സി.പി.ഐയുടെ സമീപനമാണെന്ന ആക്ഷേപമാണ് സി.പി.എമ്മിനുള്ളത്. മാവോയിസ്റ്റ് കൊലപാതകത്തിൽ മജിസ്റ്റീരിയൽ അന്വേഷണം ഉറപ്പായ ശേഷവും അതിനായാണ് സി.പി.ഐ വാദിച്ചത്. ഇരുപാർട്ടികളും തമ്മിലെ സമവായത്തിന്റെ കണ്ണിയായി നിൽക്കാറുള്ള കോടിയേരി ബാലകൃഷ്ണൻ ചികിത്സയ്ക്കായി വിദേശത്തായതോടെ തൽക്കാലം വെടിനിറുത്തൽ സാദ്ധ്യതയും ഇല്ലാതായിരിക്കുന്നു. തർക്കം തീർക്കാൻ ഇനി കേന്ദ്രനേതൃത്വം ഇടപെടണം.