കോവളം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്നു റോഡിലേക്ക് തെറിച്ചുവീണ് സ്‌കൂൾ വിദ്യാർത്ഥിക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 4.15ഓടെ വിഴിഞ്ഞം തെരുവ് ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. പള്ളിച്ചൽ - വിഴിഞ്ഞം ബസിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വെങ്ങാനൂർ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും ഹാർബർ ടൗൺഷിപ്പ് സ്വദേശിയുമായ താഹീറിനാണ് പരിക്കേറ്റത്. തിരക്ക് കാരണം ഫുട്ബോർഡിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥി വണ്ടി ബ്രേക്ക് ചെയ്യവേ തെറിച്ച് റോഡിൽ വീഴുകയായിരുന്നു. കൈക്കും കാലിനും സാരമായി പരിക്കേറ്റ താഹീർ വിഴിഞ്ഞം സി.എച്ച്.സിയിൽ ചികിത്സ തേടി.