psc-passing

പരീക്ഷാത്തട്ടിപ്പുകാരെ ഒഴിവാക്കി പി.എസ്.സി നിയമനം നടത്തും

തിരുവനന്തപുരം: പരീക്ഷാത്തട്ടിപ്പിനെ തുടർന്ന് നിറുത്തിവച്ചിരുന്ന സായുധ പൊലീസ് ബ​റ്റാലിയൻ സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്കുള്ള നിയമനം പുനരാരംഭിക്കാൻ പി.എസ്.സി തീരുമാനിച്ചു. എട്ട് ബറ്റാലിയനുകളിലായി 3000ത്തോളം ഒഴിവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചോദ്യക്കടലാസ് ചോർന്നിട്ടില്ലെന്നും മൂന്നു പേർ മാത്രമാണ് പരീക്ഷാത്തട്ടിപ്പ് നടത്തിയതെന്നും ക്രൈംബ്രാഞ്ച് നൽകിയ അന്വേഷണറിപ്പോർട്ടിൽ വ്യക്തമാക്കിയതിനെത്തുടർന്നാണ് നടപടി.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണറിപ്പോർട്ടും സർക്കാർ ശുപാർശയും അടുത്ത തിങ്കളാഴ്ചത്തെ കമ്മിഷൻ യോഗത്തിൽ അവതരിപ്പിച്ച് നിയമനം പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു. കേസിലെ പ്രതികളും റാങ്ക് പട്ടികയിൽ ഒന്ന്, രണ്ട്,​ 28 റാങ്കിന് ഉടമകളുമായ ശിവരഞ്ജിത്, പ്രണവ്, നസീം എന്നിവരെ ഒഴിവാക്കി നിയമന ശുപാർശ നൽകാമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നത്. പുരുഷ സിവിൽ പൊലീസ് ഓഫീസർമാരുടെ ഏഴ് ബറ്റാലിയനുകളിലെ നിയമനമാണ് ആദ്യം നടത്തുന്നത്. പ്രത്യേക പരിഗണന നൽകി വേഗത്തിൽ നടപടികൾ പൂർത്തിയാക്കാൻ ജില്ലാ ഓഫീസുകൾക്ക് നിർദ്ദേശം നൽകും. ഒരു വർഷമാണ് പൊലീസ് റാങ്ക്പട്ടികയുടെ കാലാവധി. അതിനുള്ളിൽ പരമാവധി നിയമനം നടത്താനാണ് പി.എസ്.സിയുടെ തീരുമാനം. എന്നാൽ റാങ്ക്പട്ടിക മരവിപ്പിച്ചു നിറുത്തിയ നാലു മാസം ഉദ്യോഗാർത്ഥികൾക്ക് അധിക കാലാവധിയായി അനുവദിക്കുമോ എന്ന കാര്യത്തിൽ പി.എസ്.സി തീരുമാനമെടുത്തിട്ടില്ല.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ പ്രതികളിൽ മൂന്നു പേർ കാസർകോട് ബറ്റാലിയൻ പൊലീസ് റാങ്ക്പട്ടികയിൽ മുന്നിലെത്തിയിരുന്നു. ഇതിനെത്തുടർന്ന് പി.എസ്.സി വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് പരീക്ഷാത്തട്ടിപ്പ് പുറത്തുവന്നത്. ഉത്തരങ്ങൾ മൊബൈൽ ഫോണും സ്മാർട്ട് വാച്ചും ഉപയോഗിച്ച് പകർത്തുകയായിരുന്നു. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനകം ആറു പേർ അറസ്റ്റിലായി. ഇവരിൽ മൂന്നു പേർ റാങ്ക്പട്ടികയിൽ ഉണ്ടായിരുന്നവരാണ്. ഇവരെ നീക്കം ചെയ്ത് കാസർകോട് ബറ്റാലിയൻ റാങ്ക്പട്ടിക പി.എസ്.സി പരിഷ്‌കരിച്ചു. ഏഴ് ബറ്റാലിയനിലെയും ആദ്യ റാങ്കുകാരുടെ വ്യക്തിഗത വിവരങ്ങൾ പരിശോധിച്ച ക്രൈംബ്രാഞ്ച്, കൂടുതൽ പേർ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത്. ആറര ലക്ഷം പേരാണ് പൊലീസ് പരീക്ഷയെഴുതിയത്. കായികക്ഷമതാ പരീക്ഷയ്ക്കുശേഷം 10,940 പേരുടെ റാങ്ക്പട്ടിക കഴിഞ്ഞ ജൂലായ് ഒന്നിന് പ്രസിദ്ധീകരിച്ചു. അന്വേഷണം നീണ്ടതിനാൽ നാലു മാസത്തിലേറെയായി റാങ്ക്പട്ടിക മരവിപ്പിച്ചിരിക്കുകയാണ്.


വനിതാ ബറ്റാലിയൻ

വനിതാ ബറ്റാലിയൻ റാങ്ക്പട്ടിക തയ്യാറാക്കുന്നതിനുള്ള കായികക്ഷമതാ പരീക്ഷ ഈ മാസം നടക്കും. അതിനുശേഷം റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച് അതിൽനിന്നും നിയമനശുപാർശ അയയ്ക്കും.

''സിവിൽ പൊലീസ് ഓഫീസർ തസ്തികയുടെ റാങ്ക്‌ലിസ്​റ്റിൽ നിന്ന് പ്രൊവിഷണലായി അഡ്വൈസ് മെമ്മോ നൽകുന്നതിനുള്ള സാദ്ധ്യത പി.എസ്.സിക്ക് മുന്നിൽ അവതരിപ്പിക്കും. ഭരണഘടനാ സ്ഥാപനമായതിനാൽ സർക്കാരിന് ഇടപെടുന്നതിന് പരിമിതിയുണ്ട്.

-നിയമസഭയിൽ മുഖ്യമന്ത്റി പിണറായി വിജയൻ