ബാലരാമപുരം: താന്നിമൂട് കോഴോട് അനീഷ് ഭവനിൽ പെയിന്റിംഗ് തൊഴിലാളിയായ വിനീതിന്റെ (അനീഷ്, 33) അരുംകൊലയ്ക്ക് പിന്നിൽ മദ്യംവാങ്ങിയ പണത്തെ ചൊല്ലിയുള്ള തർക്കം. അനീഷ്, അനിൽകുമാർ, ജയകുമാർ, ബിനു എന്നിവരടങ്ങുന്ന സംഘം ജയകുമാറിന്റെ വീട്ടിലും പരിസരത്തും കൂട്ടം ചേർന്നിരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മദ്യം വാങ്ങിയ പണത്തിന്റെ കണക്കു പറഞ്ഞാണ് ഇന്നലെ തർക്കം തുടങ്ങിയത്. വഴക്ക് മൂത്തപ്പോൾ അനിൽകുമാർ സ്ഥലം വിട്ടു. ശേഷം അനീഷും ബിനുവും തമ്മിൽ വാക്പോര് തുടർന്നു. ഇത് കൈയാങ്കളിയായി. അനീഷും ബിനുവും പരസ്പരം ആക്രമിച്ചു. ഇതിനിടെ വീട്ടിലുണ്ടായിരുന്ന ചുറ്റിക കൊണ്ട് അനീഷ് ബിനുവിനെ അടിച്ച് പരിക്കേല്പിച്ചു. ഇത് കണ്ട ബിനുവിന്റെ സഹോദരൻ ജയകുമാർ, ചുറ്റിക പിടിച്ചു വാങ്ങി അനീഷിന്റെ തലയ്ക്കും മുഖത്തും അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തേ വീട്ടിലേക്ക് തിരികെ മടങ്ങിയ അനിൽകുമാർ പുലർച്ചെ ജയകുമാറിന്റെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അനീഷ് മരിച്ച് കിടക്കുന്നതും, സമീപം പരിക്കേറ്റ് അബോധാവസ്ഥയിൽ കിടക്കുന്ന ബിനുവിനെയും കാണുന്നത്. തുടർന്ന് അനിൽകുമാർ അകലെ താമസിക്കുന്ന ബിനുവിന്റെ മകനെ വിവരം അറിയിച്ചു. പൊലീസിലും വിവരം അറിയിച്ചു. അപ്പോഴേക്കും നാട്ടുകാർ സംഭവ സ്ഥലത്തെത്തി. സി.ഐ ജി. ബിനുവിന്റെ നേതൃത്വത്തിൽ ഐത്തിയൂരിൽ നിന്ന് ജയകുമാറിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനിടെ കൃത്യം ചെയ്തത് താനാണെന്ന് പൊലീസിനോട് കുറ്റസമ്മതം നടത്തി. നടന്ന സംഭവങ്ങളെക്കുറിച്ചും പൊലീസിൽ മൊഴി നൽകി. ഇയാൾ കുടുംബവുമായി പിണങ്ങിക്കഴിയുകയായിരുന്നെന്നും പൊലീസിനോട് പറഞ്ഞു. കൃത്യം ചെയ്യാൻ ഉപയോഗിച്ച ചുറ്റികയും പൊലീസ് കണ്ടെടുത്തു. ചുറ്റിക കൊണ്ടുള്ള ആക്രമണത്തിൽ മരിച്ച അനീഷിന് രണ്ട് പല്ലുകളും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനുവിന് അഞ്ച് പല്ലുകളും നഷ്ടമായി. ജയകുമാർ മാത്രമാണ് കേസിൽ ഇപ്പോൾ പ്രതിപ്പട്ടികയിലുള്ളത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.