ബാംഗ്ളൂർ : കർണാടക പ്രിമിയർ ലീഗ് ക്രിക്കറ്റിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് കളിക്കാരായ സി.എം. ഗൗതമിനെയും അബ്‌റാർ ഖാസിയെയും ബാംഗ്ളൂർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇരുവരും ബെല്ലാരി ടസ്കേഴ്സ് ടീമിന് വേണ്ടിയാണ് കളിച്ചിരുന്നത്. ലീഗിനറെ ഫൈനൽ മത്സരത്തിൽ ഹുബ്ളിക്കെതിരെ അധികം വേഗത്തിൽ റൺ നേടാതിരിക്കാൻ ഇരുവരും 20 ലക്ഷം രൂപ വീതം വാങ്ങിയെന്നാണ് ക്രൈംബ്രാഞ്ചിന്റെകണ്ടെത്തൽ. മറ്റൊരു മത്സരത്തിലും ഒത്തുകളി നടത്തിയിരുന്നു.
നേരത്തെ കർണാടകയ്ക്ക് വേണ്ടി ആദ്യന്തര ക്രിക്കറ്റിൽ കളിച്ചിരുന്ന ഗൗതം ഇപ്പോൾ ഗോവയ്ക്കും ഖാസി മിസോറാമിനും വേണ്ടിയാണ് കളിക്കാനിറങ്ങുന്നത്. ഇന്ന് തുടങ്ങുന്ന മുഷ്‌താഖ് അലി ടൂർണമെന്റിൽ കളിക്കേണ്ടവരാണ് ഇരുവരും.
മുൻ ഇന്ത്യ എ താരമായ ഗൗതം ഐ.പി.എല്ലിൽ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ്, മുംബയ് ഇന്ത്യൻസ്, ഡൽഹി ഡെയർഡെവിൾസ് എന്നിവർക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 94 ഫസ്റ്റ് ക്ളാസ് മത്സരങ്ങളിൽനിന്ന് 4716 റൺസ് നേടിയിട്ടുണ്ട്. നേരത്തെ ബംഗളൂരു ബാസ്റ്റേഴ്സ് ടീം ബൗളിംഗ് കോച്ച് വിനുപ്രസാദിനെയും ബാറ്റ്സ്മാൻ വിശ്വനാഥനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
റോൾ ബാൾ ലോകകപ്പ്:
ശ്രീലക്ഷ്മി ഇന്ത്യൻ ടീമിൽ
തിരുവനന്തപുരം : ഇൗമാസം 15 മുതൽ ചെന്നൈയിൽ നടക്കുന്ന അഞ്ചാമത് റോൾ ബാൾ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളിതാരം ശ്രീലക്ഷ്മി ഇടം നേടി. ഇന്ത്യൻ ടീമിലെ ഏക മലയാളിയായ ശ്രീലക്ഷ്മി ഇപ്പോൾ മധുരയിൽ പരിശീലന ക്യാമ്പിലാണ്.
സംസ്ഥാനത്തെ പ്രമുഖ റോളർ സ്കേറ്റിംഗ് കോച്ചായ നാസറിന്റെ ശിക്ഷണത്തിൽ കിഡ്‌സ് ലാൻഡ് സ്കേറ്റിംഗ് അക്കാഡമിയിലാണ് ശ്രീലക്ഷ്മി പരിശീലിക്കുന്നത്. 2009 ൽ പോണ്ടിച്ചേരിയിൽ നടന്ന മിനി റോൾബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മത്സരിച്ചാണ് കരിയറിന് തുടക്കം. മിനി, സബ് ജൂനിയർ, ജൂനിയർ, സീനിയർ തലങ്ങളിലായി ഒൻപത് തവണ ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു. തിരുവനന്തപുരം നാഷണൽ കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ്.
നാസറിന്റെ ശിഷ്യനായ അഖിൽ 2015, 2017 വർഷങ്ങളിൽ ഇന്ത്യയ്ക്കുവേണ്ടി റോൾ ബാൾ ലോകകപ്പിൽ കളിച്ചിരുന്നു.