രണ്ടാം ട്വന്റി 20 യിലും സഞ്ജുസാംസണിന്

അവസരം നൽകിയില്ല

രാജ്കോട്ട് : ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ ഇനിയും കാത്തിരുന്നേ മതിയാകൂ. ഇന്നലെ രാജ്കോട്ടിൽ നടന്ന ബംഗ്ളാദേശിനെതിരായ രണ്ടാം ട്വന്റി 20 യിലും സഞ്ജുവിന് കളിക്കാൻ അവസരം നൽകിയില്ല.

ഡൽഹിയിൽ നടന്ന ആദ്യ ട്വന്റി 20 യിൽ ബംഗ്ളാദേശിനോട് തോറ്റിരുന്ന അതേ ടീമിനെയാണ് ഇന്നലെയും ഇന്ത്യ വിന്യസിച്ചത്. ബാറ്റിംഗ് ഒാർഡറിൽ ലോകേഷ് രാഹുലിനെ മാറ്റി സഞ്ജുവിന് അവസരം നൽകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഫസ്റ്റ് ഡൗൺ പൊസിഷനിൽ പരിചയ സമ്പന്നനായ ലോകേഷ് തന്നെ മതിയെന്ന് കോച്ച് രവിശാസ്ത്രിയും നായകൻ രോഹിത് ശർമ്മയും തീരുമാനിക്കുകയായിരുന്നു.

ആദ്യമത്സരത്തിൽ ആൾ റൗണ്ടർ ശിവം ദുബെയ്ക്ക് ഇന്ത്യൻ അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നു. ദുബെ രാജ്കോട്ടിലും കളിക്കാനിറങ്ങി. രണ്ടോവർ എറിഞ്ഞെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല. ഡൽഹിയിലും ദുബെ വിക്കറ്റൊന്നും വീഴ്ത്തിയിരുന്നില്ല.

വിജയ് ഹസാരേ ട്രോഫിയിൽ ഇരട്ട സെഞ്ച്വറി നേടിയ പ്രകടനവും കാര്യവട്ടത്ത് ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ കാഴ്ചവച്ച പ്രകടനവുമാണ് സഞ്ജുവിനെ നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ തുണച്ചത്. എന്നാൽ ആദ്യരണ്ട് മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്നതോടെ ഇനി നാഗ്‌പൂരിൽ ഒരേയൊരു ട്വന്റി 20 മാത്രമാണ് അവശേഷിക്കുന്നത്. അതിനുശേഷം ബംഗ്ളാദേശും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങളാണ് ഇതിൽ സഞ്ജു ടീമിലില്ല.

തുടർന്ന് ഇന്ത്യൻ ടീം വിൻഡീസുമായി മൂന്ന് ട്വന്റി 20 കൾ കളിക്കുന്നുണ്ട്. ഇതിൽ രണ്ടാമത്തേത് ഡിസംബർ എട്ടിന് തിരുവനന്തപുരത്താണ്. ഇൗ പരമ്പരയ്ക്കുള്ള ടീമിലെങ്കിലും സഞ്ജുവിന് അവസരം നൽകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

പന്ത് പിഴവുകൾ തുടരുന്നു

ധോണിയുടെ പകരക്കാരനായി സെലക്ടർമാർക്ക് പരീക്ഷിച്ച് മതിവരാത്ത വിക്കറ്റ് കീപ്പർ പന്ത് പിഴവുകൾ വരുത്തുന്നത് തുടരുന്നു. ഇന്നലെ ബംഗ്ളാദേശ് ഒാപ്പണർ ലിട്ടൺ ദാസിനെ പന്ത് സ്റ്റംപ് ചെയ്തെങ്കിലും ബാൾ പിടിക്കും മുമ്പ് ഗ്ളൗസ് സ്റ്റംപിന് മുന്നിലേക്ക് വന്നതിനാൽ അമ്പയർ ഒൗട്ട് നൽകിയതുമില്ല നോബാൾ വിളിക്കുകയും ചെയ്തു.