01

പോത്തൻകോട് : ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന ലക്ഷ്യം മുൻനിറുത്തി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന അനുയാത്ര പദ്ധതിക്ക് മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്റർ ഉദാത്തമായ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാജിക് അക്കാഡമിയുടെ നേതൃത്വത്തിൽ കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ, തിരുവനന്തപുരം നഗരസഭ എന്നിവയുടെ സഹകരണത്തോടെ ലോകത്താദ്യമായി ഭിന്നശേഷിക്കുട്ടികളുടെ കലാവതരണത്തിനായി ഒരുക്കിയ ഡിഫറന്റ് ആർട്ട് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കുട്ടികളുടെ മാനസിക ബൗദ്ധിക വളർച്ചയ്ക്കും പൊതുധാരയിലേക്ക് കടന്നുവരുന്നതിനും ആർട്ട് തെറാപ്പി ഏറ്റവും അനുയോജ്യമായ ഒന്നാണെന്ന് ഇവിടെ തെളിയിച്ചിരിക്കുകയാണ്. ആരും പ്രതീക്ഷിക്കാത്ത മാറ്റം ഇത്തരം തെറാപ്പിയിലൂടെ സാദ്ധ്യമാക്കാൻ ഡിഫറന്റ് ആർട്ട് സെന്ററിന് കഴിയും. ലോകത്തിന് മാതൃകയായ ഈയൊരു പദ്ധതി സർക്കാരിന് അഭിമാനമാണെന്നും ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ ഭാഗമാക്കിമാറ്റാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കുട്ടികളെ പരിപാലിക്കേണ്ടതിന്റെ ശാസ്ത്രീയ വശങ്ങൾ പ്രതിപാദിക്കുന്നതിനായി വിമാനത്തിന്റെ മാതൃകയിൽ തയ്യാറാക്കിയിരിക്കുന്ന ഡിഫറന്റ് തോട്ട് സെന്ററിന്റെ ഉദ്ഘാടനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ പ്ലാനിംഗ് ബോർഡംഗം മൃദുൽ ഈപ്പൻ, സാമൂഹ്യനീതി ആൻഡ് നിഷ് ഡയറക്ടർ ഷീബാ ജോർജ്, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ ഡയറക്ടർ ബാബു ജോർജ്, ഐക്കൺസ് റീജിയണൽ ഡയറക്ടർ ഡോ. മേരി ഐപ്പ്, നഗരസഭ കൗൺസിലർ എസ്. ബിന്ദു, മാജിക് അക്കാ‌ഡമി ഡയറക്ടർമാരായ ചന്ദ്രസേനൻ മിതൃമ്മല, പ്രഹ്ലാദ് ആചാര്യ തുടങ്ങിയവർ പങ്കെടുത്തു. മാജിക് അക്കാഡമി എക്‌സിക്യൂട്ടിവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് സ്വാഗതവും കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ആൻഡ് എൻ.ഐ.പി.എം.ആർ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ സുധീർ നീലകണ്ഠൻ, വിനോദ് നമ്പ്യാർ, വി.സി. അശോകൻ, പ്രസാദ് കെ. പണിക്കർ, പി.എൻ. സമ്പത്ത് കുമാർ, സാബു .ആർ.എസ്, സജീവ് നമ്പ്യാർ, ഭരതരാജൻ, തോമസ് .പി, പ്രഭാകരൻ .പി, ബാബു വർഗീസ്, മനോജ് ഒറ്റപ്പാലം എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.