india-cricket-win
india cricket win

രാജ്കോട്ടിലെ രണ്ടാം ട്വന്റി 20യിൽ എട്ടുവിക്കറ്റിന് ബംഗ്ളാദേശിനെ കീഴടക്കി ഇന്ത്യ പരമ്പര 1-1ന് സമനിലയിലാക്കി

രാജ്കോട്ട് :ആദ്യ മത്സരത്തിലെ കനത്ത തോൽവിക്ക് രണ്ടാം മത്സരത്തിലെ വിജയവുമായി ബംഗ്ളാദേശിന് മറുപടി നൽകി ഇന്ത്യ. ഇന്നലെ രാജ്കോട്ടിൽ ബംഗ്ളാദേശ് ഉയർത്തിയ 153/6 എന്ന സ്കോർ രണ്ടു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 26 പന്തുകൾ ബാക്കി നിൽക്കേ മറികടന്നാണ് ഇന്ത്യയുടെ രാജകീയ പ്രതികാരം. ഒാപ്പണർ രോഹിത് ശർമ്മ (43പന്തുകളിൽ 85 റൺസ് , 6ഫോറും 6 സിക്സും )നായകന്റെ ആർജവത്തോടെ തീമഴയായി പെയ്തിറങ്ങിയതാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. മൂന്നാം മത്സരം ഞായറാഴ്ച നാഗ്പൂരിൽ നടക്കും.

മഴയും ''മഹാ"കൊടുങ്കാറ്റും മാറിനിന്നപ്പോൾ രാജ്കോട്ടിലെ രണ്ടാം ട്വന്റി 20യിൽ പകരം വീട്ടാനിറങ്ങിയ ഇന്ത്യ ടോസ് നേടി ബംഗ്ളാദേശിനെ ബാറ്റിംഗിനിറക്കി. നിശ്ചിത 20 ഒാവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണ് സന്ദർശകർ നേടിയത്. ഒാപ്പണർമാരായ ലിട്ടൺ ദാസും (29), മുഹമ്മദ് നയിമും (36) ചേർന്ന് മികച്ച തുടക്കം നൽകിയിരുന്ന ബംഗ്ളാദേശിനെ വലിയൊരു സ്കോറിലേക്ക് പോകാൻ അനുവദിക്കാതിരുന്നത് രണ്ട് വിക്കറ്റുകൾ ഒരോവറിൽ വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹലിന്റെ ബൗളിംഗ് മികവാണ്.

എട്ടാം ഒാവറിൽ ടീം സ്കോർ 60 ൽ എത്തിയപ്പോൾ ലിട്ടൺ ദാസിനെ റൺ ഒൗട്ടാക്കിയാണ് ഇന്ത്യ മത്സരത്തിലേക്ക് എത്തിയത്. 21പന്തുകളിൽ നാല് ബൗണ്ടറികൾ പറത്തിയ ലിട്ടൺ ചഹലിന്റെ ഗുഗ്‌ളി ബാറ്റിൽ തട്ടി എങ്ങോട്ടാണ് പോയതറിയാതെ റൺസിനോടിയപ്പോൾ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ബാൾ പിടിച്ചെടുത്ത് സ്റ്റംപ് എറിഞ്ഞിടുകയായിരുന്നു. തുടർന്നിറങ്ങിയ സൗമ്യ സർക്കാരിനെ കൂട്ടി നയിം സ്കോറിംഗ് വേഗം കുറയ്ക്കാതെ മുന്നോട്ടുപോയി. എന്നാൽ 11-ാം ഒാവറിൽ വാഷിംഗ്ടൺ സുന്ദർ നയിമിനെ ശ്രേയസ് അയ്യരുടെ കൈയിലെത്തിച്ചു. 31 പന്തുകൾ നേരിട്ട നയിം അഞ്ച് ബൗണ്ടറികൾ പായിച്ചിരുന്നു.

കഴിഞ്ഞ കളിയിലെ അർദ്ധ സെഞ്ച്വറി വീരൻ മുഷ്‌ഫിഖുർ റഹിമിനെ (4) പുറത്താക്കിയതായിരുന്നു മത്സരത്തിലെ ഇന്ത്യയുടെ വഴിത്തിരിവ്. 13-ാം ഒാവറിലെ ആദ്യപന്തിൽ ക്രുനാൽ പാണ്ഡ്യയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു മുഷ്‌ഫിഖുർ. ഇതേ ഒാവറിൽ സൗമ്യ സർക്കാരിനെ ഋഷഭ് സ്റ്റംപ് ചെയ്തതോടെ ബംഗ്ളാദേശ് 103/4 എന്ന നിലയിലായി.

തുടർന്ന് ക്യാപ്ടൻ മഹ്‌മൂദുള്ള (30) പൊരുതിനിൽക്കവേ അഫീഫ് ഹുസൈനെ (6) ഖലീൽ അഹമ്മദ് പുറത്താക്കി. 19-ാം ഒാവറിൽ മഹ്‌മുദുള്ള ദീപക് ചഹറിന്റെ പന്തിൽ പുറത്തായി.

സ്കോർ ബോർഡ്

ബംഗ്ളാദേശ് ബാറ്റിംഗ് : ലിട്ടൺ ദാസ് റൺ ഒൗട്ട് 29, മുഹമ്മദ് നയിം സി ശ്രേയസ് ബി വാഷിംഗ്ടൺ സുന്ദർ 36, സൗമ്യ സർക്കാർ സ്റ്റംപ്ഡ് പന്ത് ബി ചഹൽ 30, മുഷ്ഫിഖുർ റഹിം സി പാണ്ഡ്യ ബി ചഹൽ 4, മഹ്‌മൂദുള്ള സി ശിവം ദുബെ ബി ചഹൽ 30, അഫിഫ് ഹുസൈൻ സി രോഹിത് ബി ഖലീൽ 6, മൊസാദേക്ക് നോൗട്ട് 7, അമിനുൽ നോട്ടൗട്ട് 5. എക്‌സ്ട്രാസ് 6, ആകെ 20 ഒാവറിൽ 153/6,

വിക്കറ്റ് വീഴ്ച : 1-60, 2-83, 3-97, 4-103, 5-128, 6-142.

ബൗളിംഗ് : ദീപക് ചഹർ 4-0-25-1

ഖലീൽ അഹമ്മദ് 4-0-44-1, വാഷിംഗ്ടൺ സുന്ദർ 4-0-25-1, ചഹൽ 4-0-28-2,

ദുബെ 2-0-12-0, ക്രുനാൽ 2-0-17-0.

ഇന്ത്യ ബാറ്റിംഗ് : രോഹിത് സി സബ് (മിഥുൻ) ബി അമിനുൽ 85,ധവാൻ ബി അമിനുൽ 31, രാഹുൽ നോട്ടൗട്ട് 8,ശ്രേയസ് നോട്ടൗട്ട് 24, എക്‌സ്ട്രാസ് 6,ആകെ 15.4 ഒാവറിൽ 154/2

100

ഇന്ത്യൻ ക്യാപ്ടൻ രോഹിത് അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളുടെ എണ്ണത്തിൽ സെഞ്ച്വറി തികച്ചു. ഏറ്റവും കൂടുതൽ ട്വന്റി 20 കളിക്കുന്ന ഇന്ത്യൻ താരമാണ് രോഹിത്.