gold

തിരുവനന്തപുരം: മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച പത്ത് ലക്ഷത്തോളം രൂപ വില വരുന്ന സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ എയർകസ്റ്റംസ് അധികൃതർ പിടികൂടി. സ്വർണക്കടത്തിന് ശ്രമിച്ച തമിഴ്നാട് രാമനാഥപുരം സദേശി കോട്ടസ്വാമി കാളിമുത്തു പിടിയിലായി. ഇന്നലെ രാവിലെ കൊളംബോയിൽ നിന്നും വിമാനത്താവളത്തിലെത്തിയ ശ്രീലങ്കൻ എയർവേഴ്സിന്റെ യു.എൽ 161 നമ്പർ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. 350 ഗ്രാം തൂക്കമുള്ള സ്വർണം രണ്ട് ഗുളിക രൂപത്തിലാക്കി മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. എമിഗ്രഷൻ പരിശോധനകൾ കഴിഞ്ഞശേഷം എയർകസ്റ്റംസിന്റെ മെറ്റൽ ഡിക്ടറ്റർ ഡോറിലൂടെ പുറത്തേക്ക് കടത്തുന്നതിനിടെ ഡോറിൽ നിന്നും ബീപ്പ് ശബ്ദം ഉയർന്നു. എയർകസ്റ്റംസ് അധികൃതർ ഇയാളെ പരിശോധിച്ചെങ്കിലും ആദ്യം സ്വർണം കണ്ടത്താൻ കഴിഞ്ഞില്ല. പിന്നിട് വിശദമായി പരിശോധിച്ചപ്പോഴാണ് ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചിരിക്കുന്നതായി കണ്ടത്തിയത്. തുടർന്ന് ഇയാളെക്കൊണ്ടുതന്നെ സ്വർണം പുറത്തേക്ക് എടുപ്പിക്കുകയായിരുന്നു. എയർകസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ കൃഷ്‌ണേന്ദു രാജ മിൻറ്റിയൂവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ മുഹമ്മദ് റജീബ്, ശശികുമാർ, രാമലക്ഷ്‌മി, ഇൻസ്‌പെക്ടർമാരായ അനുജി, ഗുൽഷൻകുമാർ എന്നീവരടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്.