case-diary

കൊച്ചി: പന്ത്രണ്ടു വയസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ കണ്ടെടുത്ത വീഡിയോ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ വില്പന നടത്തിയോ എന്ന് പരിശോധിക്കും. ഇതിനായി ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ദൃശ്യങ്ങൾ മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷിച്ചുവരികയാണ്. അഞ്ചു വിഡിയോ ദൃശ്യങ്ങളാണ് കേസിലെ ഒന്നാം പ്രതിയും പെൺകുട്ടിയുടെ കാമുകനുമായ ലിതിൻ, രണ്ടാം പ്രതി വർഷ എന്നിവരുടെ മൊബൈലുകളിൽ നിന്ന് പൊലീസ് വീണ്ടെടുത്തത്. ഇവ പണമുണ്ടാക്കാനായി അശ്ലീല സൈറ്റുകൾ വഴി പ്രചരിപ്പിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.


ഫോണിലെ ദൃശ്യങ്ങൾ പ്രതികൾ ഡിലീറ്റ് ചെയ്തതിനാൽ സാങ്കേതിക വിദഗ്ദ്ധന്റെ സഹായത്തോടെയായിരുന്നു വീണ്ടെടുക്കൽ. ലഭിച്ച ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്കു നൽകിയിട്ടുണ്ട്. ഇതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ കേസിൽ നിർണായകമാകും. രണ്ടു ദിവസത്തിനകം റിപ്പോർട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കേസിൽ തുടരന്വേഷണത്തിനു പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകും.

വ്യാഴാഴ്ചയാണ് ബിബിൻ, വർഷ എന്നിവരെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ലിതിൻ കോടതിയിൽ കീഴടങ്ങുകയായിരുന്നു. ബിബിൻ - വർഷ ദമ്പതികളുടെ വടുതലയിലെ വീട്ടിലാണ് ലിതിൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഈ സമയം വർഷയും ബിബിനും ചേർന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടക്കണമെങ്കിൽ ഇത്തരം ദൃശ്യങ്ങൾ വേണ്ടിവരുമെന്നു പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയാണ് ആദ്യം വീഡിയോ പകർത്തിയത്. ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങൾ ആവശ്യപ്പെടുന്നതു പതിവായതോടെ കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.