ബീജിംഗ്: വലതു കൈവിരലിൽ പാമ്പു കടിച്ചു. മറ്റൊന്നുമാലോചിച്ചില്ല; മൂർച്ചയേറിയ വെട്ടുകത്തിയെടുത്ത് ഒറ്റ വെട്ട്. ദേ കിടക്കുന്നു കൈവിരൽ. തുടർന്ന് മുറിവിൽ തുണി ചുറ്റി നേരെ ആശുപത്രിയിലേക്കു വിട്ടു. ഡോക്ടർമാർ പറഞ്ഞതു കേട്ടപ്പോഴാണ് അയാൾ ശരിക്കും ഞെട്ടിയത്.. ശരീരത്തിൽ പാമ്പിൻ വിഷം ഏറ്റിട്ടില്ലl മുറിഞ്ഞുപോയ വിരൽ തുന്നിച്ചേർക്കാനുമായില്ല.
ചൈനയിലെ ഷാങ്യൂ സ്വദേശി അറുപതുകാരനായ സാജിനാണ് പാമ്പിനെക്കുറിച്ചുള്ള അന്ധവിശ്വാസം വിനയായത്. അറുപതുകാരനായ ഇയാൾ മരംവെട്ടു തൊഴിലാളിയാണ്. ഒരു പ്രത്യേക ഇനത്തിൽപ്പെട്ട പാമ്പ് കടിച്ചാൽ അഞ്ച് ചുവട് നടക്കുംമുമ്പ് മരിച്ചുവീഴും എന്നായിരുന്നു നാട്ടിൽ പരക്കെ പ്രചരിച്ചിരുന്നത്. ഈ ഇനത്തിൽപ്പെട്ട പാമ്പാണ് സാജിനെ കടിച്ചത്. പാമ്പുകടിയേറ്റ് വീടിന് തൊട്ടടുത്തുള്ള ഒരു വൃദ്ധ
അടുത്തിടെ മരിച്ചിരുന്നു. പാമ്പിൻ വിഷം ശരീരത്തിൽ പ്രവേശിക്കാതിരിക്കാനാണ് വിരൽ മുറിച്ചത്.
എന്നാൽ പാമ്പിനെക്കുറിച്ചു പറയുന്നത് വെറും തെറ്റായ കാര്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. നേരിയ തോതിൽ മാത്രമേ ഇതിന് വിഷമുള്ളൂ എന്നും അവർ പറയുന്നു.
സാജിന്റെ വിരൽ തുന്നിച്ചേർക്കാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും സമയം ഏറെ കഴിഞ്ഞതിനാൽ പരാജയപ്പെട്ടു. വലതു കൈയിലെ വിരൽ നഷ്ടമായതിനാൽ ഇനി ജോലി ചെയ്യാനാവുമോ എന്ന് കണ്ടറിയണം.ഏറെ രക്തം നഷ്ടപ്പെട്ടതിനാൽ സാജിന് കടുത്ത ശാരീരിക ക്ഷീണമുണ്ട്.