തിരുവനന്തപുരം: മോദി സർക്കാരിന്റെ ഭരണം മൂലം സാമ്പത്തിക രംഗമടക്കം രാജ്യത്തിന്റെ നാനാ മേഖലയിലുണ്ടായിട്ടുള്ള തകർച്ചയ്ക്കെതിരെ കോൺഗ്രസ് ദേശവ്യാപകമായി പ്രക്ഷോഭം ശക്തമാക്കുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആദ്യപടിയായി നവംബർ അഞ്ചിന് തുടങ്ങിയ വിവിധ സമരപരിപാടികൾ 15 വരെ നീണ്ടുനിൽക്കും.
എല്ലാ സംസ്ഥാനങ്ങളിലും സമരപരിപാടികൾ സംഘടിപ്പിക്കും. തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ സമരം നടത്തും. ഒന്നാം ഘട്ടത്തിന്റെ സമാപനമായി ഡിസംബർ ആദ്യവാരത്തിൽ ഡൽഹിയിൽ ലക്ഷങ്ങൾ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഈ വിഷയങ്ങൾ ഉന്നയിക്കും. പ്രതിപക്ഷ കക്ഷികളുടെ സഹകരണത്തോടെ കൂട്ടായ സമരപരിപാടികൾക്കും നേതൃത്വം നൽകും.
ഗ്രാമീണ സമ്പദ്ഘടനയും കാർഷിക സമ്പദ്ഘടനയും തകർച്ചയിലാണ്. കഴിഞ്ഞ 45 വർഷത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയാണ് നേരിടുന്നത്. അസാധാരണമായ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ബാങ്കുകളുടെ കിട്ടാക്കടം 8 ലക്ഷം കോടി കവിഞ്ഞു. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വ്യവസായശാലകൾ വരെ വിറ്രുതുലയ്ക്കുന്നു. ആർ.സി.ഇ.പി കരാർ ഒപ്പിട്ടിരുന്നെങ്കിൽ വികസിത രാജ്യങ്ങളുടെ ഉത്പന്നങ്ങളുടെ ഡമ്പിംഗ് യാർഡായി ഇന്ത്യ മാറിയേനേ.
തൊഴിലില്ലായ്മ പെരുകുകയും ജനങ്ങൾ പട്ടിണിയിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുമ്പോൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ആന്റണി പറഞ്ഞു.
ആസിയാൻ കരാർ വഴി തകർച്ചയ്ക്ക് തുടക്കമിട്ടത് കോൺഗ്രസല്ലേ എന്ന ചോദ്യത്തിന്, ആസിയാൻ കരാർ ചില മേഖലകളിൽ നഷ്ടമുണ്ടാക്കിയെന്നായിരുന്നു മറുപടി. കേരളത്തിന് ആകെ ദോഷമുണ്ടായി. ഗുണമുണ്ടായത് സിംഗപ്പൂരിന് മാത്രമാണ്. എന്നാൽ ഇപ്പോഴത്തെ കരാറിൽ ഉൾപ്പെട്ടിരുന്നത് ഏറെയും വികസിത രാജ്യങ്ങളായിരുന്നുവെന്നും ആന്റണി ചൂണ്ടിക്കാട്ടി.