തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് പുന:സംഘടനയിൽ ജംബോ കമ്മിറ്റി പാടില്ലെന്ന നിലപാടിൽ ഉറച്ച് കെ.പി.സി.സി പ്രചാരണ സമിതി അദ്ധ്യക്ഷൻ കെ.മുരളീധരൻ എം.പി. യൂത്ത് കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് ഇപ്പോൾ നടത്തേണ്ടതില്ല. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ട് തന്റെ ഈ നിലപാടുകൾ അറിയിച്ച കെ.മുരളീധരൻ കേരളകൗമുദി ഫ്ളാഷിനോട് സംസാരിക്കുന്നു:
നേതാക്കൾ അത് ഓർക്കണം
കോൺഗ്രസ് പുന:സംഘടനയിൽ ജംബോ കമ്മിറ്റി പാടില്ലെന്നാണ് എന്റെ ശക്തമായ അഭിപ്രായം. അത് കോൺഗ്രസിന്റെ രാഷ്‌ട്രീയകാര്യ സമിതി എടുത്ത തീരുമാനമാണ്. ആ തീരുമാനം മറികടന്നാണ് ഗ്രൂപ്പുകളുടെ താത്പര്യമനുസരിച്ച് ഇപ്പോൾ പട്ടിക തയാറാക്കിയിരിക്കുന്നത്. രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങളുമായോ എം.പിമാരുമായോ ഇക്കാര്യം ചർച്ച ചെയ്‌തില്ല. വീണ്ടും നൂറിലേറെ ഭാരവാഹികളുമായി വരുന്ന ജംബോ ലിസ്റ്റ് അംഗീകരിക്കാനാകില്ല. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ കണ്ട് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഗ്രൂപ്പ് നേതൃത്വം നൽകിയ പട്ടിക അതേപടി ചേർക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ജംബോ പട്ടിക പാർട്ടിയ്ക്ക് ഒരിക്കലും ഗുണം ചെയ്യില്ല. ഒരാൾക്ക് ഒരു പദവി നടപ്പാക്കാത്ത നേതാക്കളുടെ തീരുമാനത്തോടും എതിർപ്പുണ്ട്. ഒരാൾക്ക് ഒരു പദവി നിർബന്ധമാക്കണമെന്ന് രാഷ്ട്രീയകാര്യ സമിതിയിൽ പറഞ്ഞപ്പോൾ ഒരാൾപോലും എതിർത്തില്ല. എതിരഭിപ്രായം ഉള്ളവർ അപ്പോൾ എന്തുകൊണ്ട് പറഞ്ഞില്ല. നിലവിൽ തയാറാക്കിയ പട്ടിക അംഗീകരിച്ചാൽ തിരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സമയത്ത് കാര്യക്ഷമമായ ഒരു യോഗം പോലും വിളിച്ച് ചേർക്കാൻ പറ്റില്ല. ശക്തമായി പ്രവർത്തിച്ചാലേ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും നിയമസഭയിലും ജയിക്കൂവെന്ന് നേതാക്കൾ ഓർക്കണം.
സംഘർഷമുണ്ടാവും
ഇപ്പോൾ യൂത്ത് കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് ഉണ്ടായാൽ സംഘർഷമുണ്ടാകും. അതിലും നല്ലത് നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒരു അഡ്ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകുന്നതാണ്. അസംബ്ളി തിരഞ്ഞെടുപ്പ് കഴിഞ്ഞ് സംഘടനാ തിരഞ്ഞെടുപ്പ് നടത്തട്ടെ. ഇത്രയും നാൾ തിരഞ്ഞെടുപ്പ് നടത്താതെ ഇവർ ഉറങ്ങിക്കിടക്കുകയായിരുന്നോ ? ഡീൻ കുര്യാക്കോസ് അദ്ധ്യക്ഷനായ കമ്മിറ്റി നിലവിൽ വന്നിട്ട് വർഷം ഏഴായി. എത്ര യുവാക്കൾക്കാണ് അവസരം നഷ്‌ടപ്പെട്ടതെന്ന് ഓർമ്മയുണ്ടോ ? ഇത്രയും നാൾ സംഘടനാ തിരഞ്ഞെടുപ്പ് നടത്താതെ തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ? കുറഞ്ഞത് ഒരു വർഷം മുമ്പെങ്കിലും സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമായിരുന്നു.
ഉപതിരഞ്ഞെടുപ്പിലെ വീഴ്ച
ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വീഴ്ച പറ്റിയിട്ടുണ്ട്. അത് ആരുടേയും തലയിൽ കെട്ടിവയ്ക്കാനില്ല. അതിനനുസൃതമായി സംഘടനാ തലത്തിൽ അഴിച്ചുപണിയുണ്ടാകണം. എന്നാൽ, ഒരു ജംബോ കമ്മിറ്റിയെ കൊണ്ടുവന്ന് തെറ്റ് തിരുത്താനാകില്ല. ഗൗരവമായ മാറ്റം പാർട്ടിയിൽ അത്യാവശ്യമാണ്. പരമ്പരാഗത വോട്ടർമാർ നമ്മളിൽ നിന്ന് അകന്നു പോയെന്ന് ഓർക്കണം. അരൂരിൽ എൽ.ഡി.എഫിന്റെ പരമ്പരാഗത കോട്ട തകർന്നുവെന്ന് കരുതി ഉപതിരഞ്ഞെടുപ്പിൽ മറ്റ് രണ്ട് മണ്ഡലങ്ങളിലെ തോൽവി മറച്ചുവയ്ക്കരുത്. അതിനോടൊപ്പം സംസ്ഥാന സർക്കാരിനെതിരായ വികാരങ്ങൾക്ക് തിരിച്ചടിയുണ്ടായിട്ടില്ല എന്നതു കൂടി പാർട്ടി ഓർക്കണം. വട്ടിയൂർക്കാവിൽ പീതാംബരക്കുറുപ്പിനെ ഞാനല്ല നിർദ്ദേശിച്ചത്. പീതാംബരകുറുപ്പിന് എതിരായി ചിലർ നടത്തിയ പ്രതിഷേധങ്ങളും സ്ഥാനാർത്ഥി നിർണയത്തിലെ അസ്വാരസ്യങ്ങളും വട്ടിയൂർക്കാവിൽ തിരിച്ചടിക്ക് കാരണമായി. പൂർണമായും ഞാൻ മണ്ഡലത്തിലുണ്ടായിരുന്നു. വോട്ട് ചെയ്തു. പോളിംഗ് കഴിയുന്നതുവരെ എല്ലാ ഭാഗത്തും ഓടിയെത്തി. എന്നെക്കൊണ്ട് ഇത്രയൊക്കെ ചെയ്യാൻ പറ്റൂ. ഞാൻ മത്സരിച്ചപ്പോൾ ഇപ്പോൾ ഉണ്ടായിരുന്നവരാരും എനിക്കൊപ്പം ഇല്ലായിരുന്നു. പലരും പറയും പോലെ എൻ.എസ്.എസ് നിലപാടല്ല തോൽവിക്ക് കാരണം. മതേതര നിലപാടാണ് എൻ.എസ്.എസ് സ്വീകരിച്ചത്. അത് ബി.ജെ.പിക്ക് എതിരായിരുന്നു.
ഞാനില്ല: രാജ് മോഹൻ ഉണ്ണിത്താൻ
''എന്നെ കെ.പി.സി.സി ഭാരവാഹി ആക്കണ്ട എന്നറിയിച്ച് കെ.പി.സി.സി അദ്ധ്യക്ഷന് ഞാൻ കത്ത് നൽകിയിട്ടുണ്ട്. ജംബോ കമ്മിറ്റിയിൽ പ്രതിഷേധമുള്ളവർ പ്രതിഷേധിക്കട്ടെ. പ്രതിഷേധമില്ലാത്തവർ മിണ്ടാതിരിക്കട്ടെ. നമ്മൾ ഇപ്പോൾ ഇതിലൊന്നും ഇടപെടാതെ കാസർകോട് എം.പിയായി അടങ്ങിയൊതുങ്ങി നടക്കുകയാണ്''.
ആരും ഒന്നും അറിയിച്ചില്ല: ടി.എൻ പ്രതാപൻ
എം.പി എന്ന നിലയിലും രാഷ്ട്രീയകാര്യ സമിതിയംഗം എന്ന നിലയിലും കേരളത്തിൽ നിന്നുള്ള എ.ഐ.സി.സി അംഗം എന്ന നിലയിലും ഇതുവരെ ഉത്തരവാദിത്തപ്പെട്ട ആരും എന്നോട് കെ.പി.സി.സി പുന:സംഘടനയെപ്പറ്റി ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല. എന്തുകൊണ്ടാണ് അവർ ആശയവിനിമയം നടത്താതെന്ന് അറിയില്ല.