harete

കിളിമാനൂർ: സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നായ കാരേറ്റിന്റെ കഥ മാറുന്നില്ല. കോടികൾ മുടക്കി കെ.എസ്.ടി.പിയുടെയും, പി.ഡബ്ല്യൂ.ഡിയുടെയും ഒക്കെ നേതൃത്വത്തിൽ പുനർനിർമ്മാണവും വികസനവും ഒക്കെ നടത്തിയെങ്കിലും കാരേറ്റിലെ അശാസ്ത്രീയമായ റോഡ് നിർമ്മാണം ഇവിടെ കൂടുതൽ ഗതാഗത കുരുക്കുണ്ടാക്കുന്നു. നാല് റോഡുകൾ സന്ധിക്കുന്ന കാരേറ്റ് ജംഗ്ഷനിൽ നിന്ന് കല്ലറയിലേക്കുള്ള റോഡ് നിർമ്മാണം ആരംഭിച്ചിട്ട് മാസങ്ങളായെങ്കിലും പണി ഇതുവരെയും പകുതി പോലും പൂർത്തിയായിട്ടില്ല. ഇവിടുള്ളവർ യാത്ര ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ ആകുന്നു. റോഡ് പണി പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേത്യത്വത്തിൽ സമര പരിപാടികൾ നടത്തുമ്പോൾ റോഡ് പണി പുനർ ആരംഭിക്കുമെങ്കിലും വൈകാതെ പണി നിറുത്തിവയ്ക്കുകയാണ് പതിവ് എന്ന് നാട്ടുകാർ പറയുന്നു. മലയോര ഗ്രാമങ്ങളെ ബന്ധിപ്പിച്ച് പൊൻമുടിയിൽ എത്തുന്ന പ്രധാന വിനോദ സഞ്ചാര പാതയായിട്ടും അധികൃതർ കണ്ണടയ്ക്കുകയാണന്നാണ് ആക്ഷേപം. ഭരതന്നൂർ മുതൽ കല്ലറ വരെയും കല്ലറയിൽ നിന്ന് കാരേറ്റ് വരെയും രണ്ട് ഘട്ടങ്ങളിലായിട്ട് 32 കോടിയോളം രൂപ മുടക്കി ചെയ്യുന്ന റോഡ് കല്ലറയിൽ നിന്ന് കാരേറ്റ് പാതയിൽ ആറാം താനം കഴിഞ്ഞാൽ കരാറിൽ പറയുന്ന പ്രകാരം വീതിയില്ല എന്ന അക്ഷേപമാണുള്ളത്. എത്രയും വേഗം കരാറിൽ പറഞ്ഞ പ്രകാരം പണി ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.