വർക്കല: റോഡ് കൈയേറി പ്രവർത്തിക്കുന്ന അനധികൃത ചന്ത കാൽ നടയാത്രക്കാർക്കും വാഹന ഗതാഗതത്തിനും പ്രദേശവാസികൾക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി പരാതി. മേൽവെട്ടൂർ ജംഗ്ഷനിൽ നിന്നും അകത്തുമുറി ഭാഗത്തേക്ക് പോകുന്ന റോഡിൽ ഉദയ നഗർ കേന്ദ്രീകരിച്ചാണ് ചന്ത പ്രവൃത്തിക്കുന്നത്. രാവിലെ 8.30 മുതൽ ആരംഭിക്കുന്ന ചന്ത ഒന്നര മണിക്കൂർ നേരമാണ് പ്രവൃത്തിക്കുന്നത്. ഏറെ തിരക്കുളള സമയത്താണ് റോഡ് കൈയേറി കച്ചവടം പൊടിപൊടിക്കുന്നത്. ഗ്രാമ പഞ്ചായത്തിന്റെ അനുമതിപോലും ഇല്ലാതെയാണ് ഇതിന്റെ പ്രവർത്തനം.
സ്കൂൾ വാഹനം ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
മത്സ്യം, പച്ചക്കറി എന്നിവ വില്പന നടത്തിയ ശേഷം അവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്നതുമൂലം ഇവ ചീഞ്ഞ് നാറി മഴക്കാലത്ത് ദുർഗന്ധവും പരത്തുന്നുണ്ട്. കൂടാതെ പക്ഷികൾ മത്സ്യാവശിഷ്ടങ്ങൾ കൊത്തിയെടുത്ത് സമീപ വീടുകളിലെ കിണറുകളിൽ കൊണ്ടിടുന്നത് ജലം മലിനപ്പെടുന്നതിന് കാരണമാകുന്നതായും നാട്ടുകാർ പറയുന്നു. കൂടാതെ തെരുവ് നായ്ക്കൾ അവശിഷ്ടങ്ങൾ ഭക്ഷിക്കാൻ എത്തുന്നത് പ്രദേശത്തെ തെരുവ് നായ് ശല്യത്തിനും കാരണമാകുന്നു. റോഡ് കൈയേറി പ്രവൃത്തിക്കുന്ന അനധികൃത ചന്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ചൂണ്ടികാട്ടി പ്രദേശവാസികൾ പഞ്ചായത്ത് അധികൃതർക്ക് നിരവധി തവണ പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. ഇക്കാര്യത്തിൽ ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ വിഭാഗവും ഒഴിഞ്ഞ് മാറുകയാണെന്ന് പരാതി ഉയർന്നിട്ടുണ്ട് .