law

നോട്ട് നിരോധനത്തിന്റെ മൂന്നാം വാർഷികദിനത്തിൽ ധനകാര്യമന്ത്രിയുടെ കമ്പോളനിലവാരം അവലോകനം ചെയ്യുകയെന്ന ഭാരിച്ച ദൗത്യമേറ്റെടുത്തത് വി.ഡി. സതീശനായിരുന്നു. പഴയ വാറ്റ്നികുതി കുടിശികപ്പിരിവിന്റെ പേരിൽ വ്യാപാരികൾക്ക് നോട്ടീസയച്ച് നികുതിവകുപ്പ് പീഡിപ്പിച്ചുവെന്നതാണ് ഈ അവലോകനത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

2006 മുതൽ 2011 വരെയുണ്ടായിരുന്ന ധനകാര്യമന്ത്രിയുടെ നിഴൽ മാത്രമാണിന്ന് തോമസ് ഐസക്കെന്ന് സതീശൻ പരിതപിച്ചു. അങ്ങയുടെ നിയന്ത്രണത്തിൽ തന്നെയാണോ ഈ നികുതിവകുപ്പെന്നാണ് ചോദ്യം. പൂവിനെ വേദനിപ്പിക്കാതെ പൂവിൽ നിന്ന് പൂമ്പാറ്റ തേൻ നുകരുന്നത് പോലെയാകണം ഒരു ഭരണാധികാരി നികുതി പിരിക്കാനെന്ന് കൗടില്യൻ അർത്ഥശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ടെങ്കിലും കേരളത്തിലെ ധനവകുപ്പ്, വ്യാപാരികളുടെ മേൽ പതിച്ച കാർപെറ്റ്ബോംബ് പോലെയായിപ്പോയെന്ന് സതീശൻ സങ്കടപ്പെട്ടു.

വ്യാപാരികളെ നോട്ടീസയച്ച് പീഡിപ്പിച്ചതിനോട് വിയോജിപ്പുണ്ടെന്ന സൂചനയാണ് ധനമന്ത്രി നൽകിയത്. പക്ഷേ എല്ലാം സോഫ്റ്റ്‌വെയറും ഉപതിരഞ്ഞെടുപ്പും പറ്റിച്ച പണിയാണെന്ന് പറഞ്ഞ് കൈകഴുകാനാണ് അദ്ദേഹം മുതിർന്നത്. യാന്ത്രികമായി അയയ്ക്കപ്പെട്ട നോട്ടീസുകൾക്ക് കടലാസ് വില കല്പിക്കാനാണ് അദ്ദേഹത്തിന്റെ മനസ് പറയുന്നത്. എങ്കിലും നോട്ടീസയച്ച സ്ഥിതിക്ക് നിയമവകുപ്പുമായി ആലോചിക്കാതെ തുടർനൂലാമാലകളൊഴിവാക്കാനാവില്ലെന്ന നിസഹായതയും അദ്ദേഹം പ്രകടിപ്പിക്കാതിരുന്നില്ല.

മന്ത്രിയുടേത് കുറ്റസമ്മത മൊഴിയായി എടുക്കാനായിരുന്നു കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫിന് താത്പര്യം. പ്രതിപക്ഷനേതാവിന്റെ അഭാവത്തിൽ അതിനാൽ അദ്ദേഹം വാക്കൗട്ട് പ്രഖ്യാപിച്ചു.

കേന്ദ്രപൊതുമേഖലയ്ക്കായി കേരളം കൊടുത്ത സകല സ്ഥലങ്ങളും കേന്ദ്രസർക്കാർ വിറ്റുതുലച്ചുതുടങ്ങിയതോടെ പരശുരാമൻ ഉണ്ടാക്കിയ കേരളം അന്യം നിന്ന് പോയതായി സി. ദിവാകരൻ ആശങ്കപ്പെട്ടു. സ്വകാര്യവത്കരണത്തിനും ഓഹരിവില്പനകൾക്കുമെതിരെ കേന്ദ്രത്തിന് നിരവധി കത്തുകളയച്ചും ആശങ്കകളറിയിച്ചും സംസ്ഥാനസർക്കാർ അതിന്റെ കടമ നിർവഹിക്കുന്നുണ്ടെന്നാണ് ദിവാകരന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി ജി. സുധാകരന്റെ ആശ്വാസവാക്കുകൾ.

വയനാട് ബന്ദിപൂർ വനമേഖലയിലെ യാത്രാനിരോധന നീക്കത്തിനെതിരെ കേന്ദ്രം നടപടിയെടുക്കാനാവശ്യപ്പെടുന്ന പ്രമേയം സഭ ഏകകണ്ഠമായി പാസാക്കി. സർക്കാർ വയനാട്ടിലെ ജനങ്ങൾക്കൊപ്പമാണെന്ന് പ്രമേയം അവതരിപ്പിച്ച മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. അനൗദ്യോഗികാംഗങ്ങളുടെ ദിവസമായിരുന്നു ഇന്നലെ. കേന്ദ്രാവിഷ്കൃത പദ്ധതികൾ ഫലപ്രദമാക്കാൻ സംസ്ഥാനങ്ങൾക്ക് വിവേചനാധികാരം നൽകുന്ന വിധത്തിൽ മാനദണ്ഡങ്ങളിൽ അയവ് വരുത്താൻ കേന്ദ്രം തയ്യാറാകണമെന്ന പ്രമേയം മാത്യു ടി. തോമസ് കൊണ്ടുവന്നു. അത് സഭ ഏകകണ്ഠമായി അംഗീകരിക്കുന്നതായി മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചപ്പോൾ ഈയൊരു വെള്ളിയാഴ്ചയെങ്കിലും വൃഥാവിലാകാതെ വന്നല്ലോയെന്ന ചാരിതാർത്ഥ്യം സഭയിൽ തെളിഞ്ഞു.