വെഞ്ഞാറമൂട്: മലഞ്ചരക്ക് ഉല്പന്നങ്ങളുടെ പ്രധാന വിളനിലമാണ് നെടുമങ്ങാട് താലൂക്കിൽപ്പെട്ട പുല്ലമ്പാറ പഞ്ചായത്തും പരിസര പ്രദേശങ്ങളും. വാഴ, ചീനി, കാച്ചിൽ, ചേമ്പ്, ചേന, പയർ വർഗങ്ങൾ തുടങ്ങി മലയാളിയുടെ ഇഷ്ടഭോജ്യങ്ങളായ മുഴുവൻ കാർഷിക വിഭവങ്ങളും സമൃദ്ധമായി വിളയുന്ന ചുവന്ന മണ്ണ്. ഇവിടെ ഉല്പാദിപ്പിക്കുന്ന കാർഷിക വിളകളൊക്കെ രാജഭരണ കാലം മുതൽ തന്നെ തലച്ചുമടായും കാളവണ്ടികളിലുമായി കല്ലറ, നെടുമങ്ങാട്, വെഞ്ഞാറമൂട് ചന്തകളിലാണ് വിപണനത്തിന് എത്തിച്ചിരുന്നത്. കാർഷികോല്പന്നങ്ങളുമായി മൈലുകൾ താണ്ടിയുള്ള കർഷകരുടെ യാത്ര ധനനഷ്ടത്തോടൊപ്പം ദുരിതവും നൽകിയിരുന്നു. ഇതേ തുടർന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു സ്വകാര്യ വ്യക്തി 50 സെന്റ് സ്ഥലം മരുതുംമൂട്ടിൽ ചന്ത സ്ഥാപിക്കുന്നതിനായി പുല്ലമ്പാറ പഞ്ചായത്തിന് സൗജന്യമായി നൽകി. ഇത് കർഷകർക്ക് ഏറെ ആശ്വാസം പകർന്നെങ്കിലും കാലോചിതമായ വികസനങ്ങൾ ചന്തയിൽ നടപ്പാക്കാതെ വന്നതോടെ ചന്തയുടെ ശനിദശ ആരംഭിച്ചു. കാർഷികോല്പന്നങ്ങൾ തുച്ഛവിലക്ക് കർഷകർ വിറ്റഴിച്ചെങ്കിലും അവ വാങ്ങാൻ പുറം നാട്ടുകാരായ മലഞ്ചരക്ക് വ്യാപാരികളെ ആകർഷിക്കുന്നതിന് യാതൊരു പദ്ധതിയും നടപ്പാക്കിയില്ല. ഇതോടെ കാലക്രമേണ ചന്തയുടെ പ്രവർത്തനം മന്ദീഭവിക്കുകയായിരുന്നു. ചന്ത ലേലം പിടിക്കാൻ പോലും ആളില്ലാതെ വന്നതോടെ നാശം പൂർണമായി. വേങ്കമല, മാമൂട്, കൂനൻ വേങ്ങ, ചുള്ളാളം, വെള്ളാഞ്ചിറ, മണ്ണയം, മൂന്നാനക്കുഴി, മുത്തിപ്പാറ, തേമ്പാംമൂട് പ്രദേശങ്ങളിലുള്ള കർഷകർക്ക് അന്യദേശങ്ങളിലെ ചന്തകളെ ആശ്രയിക്കേണ്ട സ്ഥിതിയായി. നാശോന്മുഖമായ ചന്തയിൽ ഒരു ആഗ്രോ സർവീസ് സെന്ററാണ് പ്രവർത്തിക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി ഒരു ഹോളോബ്രിക്സ് നിർമ്മാണ യൂണിറ്റ് ഇവിടെ ആരംഭിക്കുന്നതിനുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിച്ചു വരുന്നു.