മക്കൾക്ക് പി.ജി വരെ സ്കോളർഷിപ്പ്
വിവാഹ ധനസഹായം ഇരട്ടിയാക്കി
തിരുവനന്തപുരം: ബസ് തൊഴിലാളികളുടെ കുറഞ്ഞ പെൻഷൻ 1200 രൂപയിൽ നിന്ന് 5000 ആയും ആട്ടോ തൊഴിലാളികളുടേത് 1200ൽ നിന്ന് 2000 ആയും വർദ്ധിപ്പിച്ചു. ക്ഷേമനിധിയിൽ അംഗത്വമെടുത്തിട്ടുള്ള 9,80,000 പേർക്ക് പ്രയോജനം കിട്ടും. ഉടമ-തൊഴിലാളി അംശദായത്തിൽ 20 ശതമാനം വർദ്ധനയും വരുത്തി. തൊഴിൽ വകുപ്പിന്റേതാണ് ഉത്തരവ്.
പെൻഷൻ വാങ്ങുന്നയാൾ മരണപ്പെട്ടാൽ ഭാര്യ/ ഭർത്താവിന് 10 വർഷത്തേക്ക് പെൻഷൻ തുകയുടെ 50 ശതമാനം നൽകും. തൊഴിലാളികളുടെ മക്കൾക്ക് എട്ടാം ക്ളാസ് മുതൽ ബിരുദാനന്തര ബിരുദം വരെ സ്കോളർപ്പ് ഏർപ്പെടുത്തി. 500 രൂപ മുതൽ 7500 രൂപ വരെയാണ് സ്കോളർഷിപ്പ് തുക. മരണാനന്തര സഹായവും ചികിത്സാ സഹായവും അമ്പതിനായിരത്തിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തി. വിവാഹ ധനസഹായം ഇരുപതിനായിരത്തിൽ നിന്ന് നാല്പതിനായിരമാക്കി.
ആട്ടോറിക്ഷ, ടാക്സി, സർവീസ് ബസുകളും കോൺട്രാക്ട് കാര്യേജും, ചരക്ക് വാഹനങ്ങൾ തുടങ്ങിയവയിലെ തൊഴിലാളികൾക്കാണ് ക്ഷേമനിധിയിൽ അംഗത്വമുള്ളത്. 14 ലക്ഷം വാഹനങ്ങളാണ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വർഷം 120 - 130 കോടി രൂപയാണ് ബോർഡിന്റെ വരുമാനം.
പെൻഷൻ വർദ്ധന
(ബ്രായ്ക്കറ്റിൽ നിലവിലെ തുക)
സർവീസ് ബസ് : 5000 (1200)
ചരക്ക് വാഹനം : 3500 (1200)
ടാക്സി : 2500 (1200)
ആട്ടോറിക്ഷ : 2000 (1200)
മറ്റ് സഹായങ്ങൾ
(ബ്രായ്ക്കറ്റിൽ നിലവിലത്തേത്)
മരണാനന്തര സഹായം : 1,00,000 (50,000)
ചികിത്സാ സഹായം : 1,00,000 (50,000)
അപകട ചികിത്സാ സഹായം :1,00,000 (50,000)
അപകട മരണാനന്തര സഹായം : 2,00,000 (1,50,000)
വിവാഹ ധനസഹായം : 40,000 (20,000)
'പെൻഷൻ പദ്ധതിയിൽ അംഗമായിട്ടുള്ള വ്യക്തിയുടെ ശവസംസ്കാര ചടങ്ങിന് 10,000 രൂപ അനുവദിക്കും. വിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള മാർക്കിന്റെ പരിധി 50 % ആയി കുറയ്ക്കും.
- അഡ്വ. എം.എസ്. സ്കറിയ,
ചെയർമാൻ, കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്