തിരുവനന്തപുരം: മൂല്യവർദ്ധിത നികുതി (വാറ്റ്) കുടിശികയുടെ പേരിൽ വ്യാപാരികൾക്ക് ഉദ്യോഗസ്ഥർ നോട്ടീസ് അയച്ചത് സർക്കാർ നയത്തിന്റെ ഭാഗമല്ലെന്നും, വ്യാപാരികളെ ഊരാക്കുടുക്കിലാക്കിയ സംഭവം സർക്കാർ വിശദമായി അന്വേഷിക്കുമെന്നും ധനമന്ത്റി തോമസ് ഐസക് നിയമസഭയിൽ അറിയിച്ചു. നോട്ടീസ് പിൻവലിക്കാനായി നിയമ നടപടി സ്വീകരിക്കും. വി.ഡി. സതീശന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മന്ത്രി.
വ്യാപാര മേഖലയെ തകർത്ത നടപടി ഉദ്യോഗസ്ഥരുടെ മേൽ കെട്ടിവച്ച് മന്ത്റി ഒഴിഞ്ഞുമാറുന്നതായി ആരോപിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. വ്യാപാരി ആത്മഹത്യ ചെയ്തതിന്റെ പൂർണ ഉത്തരവാദി ധനമന്ത്റിയാണെന്നും പരാതി ലഭിച്ചിട്ടും ഇടപെടാതിരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും വാക്കൗട്ട് പ്രസംഗത്തിൽ കെ.സി. ജോസഫ് ആരോപിച്ചു.
ഒരു തരത്തിലുള്ള പഠനവും നടത്താതെ 52,000 വ്യാപാരികൾക്കാണ് നോട്ടീസ് അയച്ചതെന്ന് വി.ഡി. സതീശൻ ആരോപിച്ചു. ഒരു രൂപ പോലും കുടിശികയില്ലാത്ത വ്യാപാരിക്കു പോലും 17 കിലോമീറ്റർ വാഹനം ഓടിച്ചു ഉദ്യോഗസ്ഥർ നോട്ടീസ് നൽകി. ഉദ്യോഗസ്ഥരെ ചില ഉന്നതർ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് നോട്ടീസ് അയയ്ക്കാൻ നിർബന്ധിതരായത്. നോട്ടീസുകൾ ഇതുവരെയും പിൻവലിച്ചിട്ടില്ല. ഇത് ഡെമോക്ലസിന്റെ വാളുപോലെ എക്കാലവും നിലനിൽക്കും. 2006-11ലെ ധനമന്ത്റിയുടെ നിഴൽ മാത്രമാണ് ഇപ്പോഴത്തെ തോമസ് ഐസക്.
ഉദ്യോഗസ്ഥർ വാറ്റ് കുടിശിക നോട്ടീസ് അയച്ചത് ഒരു പരിശോധനയുമില്ലാതെയാണെന്നും ഒട്ടേറെ പോരായ്മകളുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. നോട്ടീസ് അയയ്‌ക്കേണ്ടതിന്റെ കാരണം ഇതിൽ വ്യക്തമാക്കുന്നില്ല. സോഫ്റ്റ്വെയറിലെ പിശകും കാരണമായി. ഉപതിരഞ്ഞെടുപ്പ് കാലത്തായതിനാലാണ് ഇടപെടൽ വൈകിയത്. ജനറേറ്റ് ബട്ടൺ കുത്തിയാലേ നോട്ടീസ് കാണാൻ കഴിയുമായിരുന്നുള്ളൂവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, മറിച്ചുള്ള മറുപടിയാണ് വകുപ്പ് ഉന്നതർ നൽകിയത്. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കും.
പത്തനംതിട്ട തണ്ണിത്തോട്ടിലെ വ്യാപാരിയുടെ ആത്മഹത്യ കുരുമുളകിന് വിലയിടിഞ്ഞതുമായി ബന്ധപ്പെട്ടാണെന്നാണ് അന്വേഷണത്തിൽ ബോദ്ധ്യമായത്. പൊലീസ് റിപ്പോർട്ടു കൂടി ലഭിച്ചിട്ടേ നിഗമനത്തിൽ എത്തുകയുള്ളു.
ജി.എസ്.ടി വൈകി അടയ്ക്കുന്ന വ്യാപാരികൾക്ക് ഇൻപുട്ട് ക്രെഡിറ്റ് ടാക്‌സ് ഒഴിവാക്കാനാകില്ല. സർക്കാരിന് നികുതിയും ലഭിക്കില്ല, ടാക്‌സിൽ ഇളവും നൽകണമെന്ന അവസ്ഥ വരും. ഇക്കാര്യത്തിൽ നോട്ടീസ് അയയ്ക്കുന്നത് തുടരും.