ak-saseendran

തിരുവനന്തപുരം: വയനാട്ടിൽ നിന്ന് കർണാടകയിലേക്ക് പോകുന്ന ദേശീയപാത 766ലെ യാത്രാനിരോധനം നീക്കണമെന്ന് നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടു. മന്ത്രി എ.കെ. ശശീന്ദ്രൻ അവതരിപ്പിച്ച പ്രമേയം സഭ പാസ്സാക്കി..
ഇന്ത്യയിലെ അമ്പതോളം കടുവാ സങ്കേതങ്ങളിലില്ലാത്ത നിയന്ത്രണം ഈ ദേശീയപാതയിൽ കൊണ്ടുവരുന്നത് ജനദ്രോഹവും വിവേചനവുമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ പെഞ്ച് കടുവാ സങ്കേതത്തിലും അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലും ആകാശപ്പാതകൾ നിർമ്മിച്ചിട്ടുണ്ട്. ബന്ദിപ്പൂർ വനമേഖലയിൽ 25 കിലോമീറ്ററിനുള്ളിൽ അഞ്ച് ആകാശപാതകൾ നിർമ്മിക്കുകയും ബാക്കി സ്ഥലങ്ങളിൽ റോഡിനിരുവശവും കമ്പിവേലി നിർമ്മിക്കുകയും ചെയ്താൽ രാത്രിയാത്രാ നിരോധനം പിൻവലിക്കാനാകുമെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയുടെ യോഗത്തിൽ നിർദ്ദേശം സമർപ്പിച്ചിരുന്നു. ഇതിന് 500കോടിയോളം ചെലവ് വരുമെന്നും തുക ദേശീയപാതാവിഭാഗവും കേരളവും സംയുക്തമായി വഹിക്കണമെന്നും നിർദ്ദേശിച്ചതിനെ തുടർന്ന് 250കോടിയോളം കേരളസർക്കാർ നീക്കിവച്ചു. കേരളത്തിന്റെ നിർദ്ദേശങ്ങൾ പരിശോധിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കാമെന്ന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി മുഖ്യമന്ത്രിക്ക് നൽകിയ ഉറപ്പും പാലിച്ചിട്ടില്ലെന്ന് മന്ത്രി ശശീന്ദ്രൻ പറഞ്ഞു.