തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിക്ക് സ്വന്തമായി ലാബ് നിർമ്മിക്കുന്നതിന് പത്തനംതിട്ടയിലെ കോഴഞ്ചേരിയിൽ 4.55 ആർ ഭൂമി അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിട്ടതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പത്തനംതിട്ട ജില്ലാ ഫുഡ് ടെസ്റ്റിംഗ് ലാബ് കഴിഞ്ഞ 21 വർഷമായി പത്തനംതിട്ട ടൗണിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സ്ഥലപരിമിതിയും ഭീമവാടകയും ഭക്ഷ്യസുരക്ഷാ വകുപ്പിന് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ശബരിമലയിലെ വഴിപാട് പ്രസാദം, കുടിവെള്ളം, മറ്റ് അസംസ്‌കൃത വസ്തുക്കൾ എന്നിവ പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ ലാബ് പ്രവർത്തനമാരംഭിക്കണമെന്ന് 1997ലെ ഹൈക്കോടതിവിധിയുണ്ട്. തുടർന്നാണ് 1998ൽ പത്തനംതിട്ട നഗരത്തിൽ വാടക കെട്ടിടത്തിൽ ജില്ലാ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി ആരംഭിച്ചത്. ശബരിമലയിലെ ഭക്ഷ്യ വസ്തുക്കളുടെയും വഴിപാട് അസംസ്‌കൃത വസ്തുക്കളുടെയും ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ പ്രവർത്തനം വിപുലീകരിക്കേണ്ടതുണ്ട്. അതിനാണ് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിന് സ്ഥലം ലഭ്യമാക്കിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.