vasanthi

ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ബസിനകത്ത് കുഴഞ്ഞുവീണ വൃദ്ധയെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ച് ജീവനക്കാർ മാതൃകയായി. എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. ബസ് ആറ്റിങ്ങൽ എത്തിയപ്പോഴേക്കും യാത്രക്കാരിയായ മടവൂർ സ്വദേശി വാസന്തി (70) കുഴഞ്ഞുവീഴുകയായിരുന്നു. കണ്ടക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ഉടൻതന്നെ ബസ് വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് കയറ്റി. കെ.എസ്.ആർ.ടി.സി ബസ് ആശുപത്രിയിലേക്ക് കയറുന്നത് കണ്ട് നാട്ടുകാരും ആശുപത്രി ജീവനക്കാരും പരിഭ്രാന്തരായി ഓടിക്കൂടി. തുടർന്ന് ആശുപത്രി ജീവനക്കാരും, കലാഭവൻ മണി സേവന സമിതി സ്ഥാപകൻ അജിൽമണിമുത്തും ചേർന്ന് വൃദ്ധയെ ആശുപത്രിയിലേക്ക് കയറ്റുകയായിരുന്നു. വ‌ൃദ്ധ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.