തിരുവനന്തപുരം: തമ്പാനൂർ ഓവർബ്രിഡ്‌ജിന് സമീപം ലോട്ടറി വിൽക്കുന്ന വനിതാ ഏജന്റിൽ നിന്നു സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയ അപരിചിതൻ വ്യാജ ലോട്ടറി നൽകി പണം തട്ടി. വ്യാഴാഴ്ച ഉച്ചയോടെയാണ് അക്ഷയ ഭാഗ്യക്കുറിയുടെ ടിക്കറ്റിൽ ആയിരം രൂപ ലോട്ടറിയടിച്ചെന്ന അവകാശവാദവുമായി ഇയാൾ വനിതാ ഏജന്റിനെ സമീപിച്ചത്. ടിക്കറ്റ് പരിശോധിച്ച് നമ്പർ ഉറപ്പാക്കി ഏജന്റ് 1000 രൂപ നൽകുകയും ചെയ്‌തു. 100 രൂപയ്ക്ക് ടിക്കറ്ര് വാങ്ങി 900 രൂപയുമായി ഇയാൾ കടന്നു. ടിക്കറ്റ് ലോട്ടറി ഏജൻസിയിൽ നൽകിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ബാർ കോഡ് പരിശോധിച്ചപ്പോൾ മറ്റൊരു നമ്പരാണ് കണ്ടത്. ലോട്ടറി ടിക്കറ്രിൽ ഒരക്കം മാറ്റി മറ്റൊന്ന് അതിവിദഗ്ദ്ധമായി ഒട്ടിച്ചുചേർത്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്.