മലയിൻകീഴ്: ബൈക്കുകളിലെത്തിയ സംഘം പെരുകാവ്, കീണ ഭാഗങ്ങളിൽ വ്യാപക അക്രമം നടത്തി. ഹൈമാസ്‌റ്റ് ലൈറ്റ്, കാറുകൾ, തട്ടുകട, നിരവധി ബോർഡുകൾ എന്നിവ അക്രമിസംഘം അടിച്ചുതകർത്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. റോഡിൽ പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങളാണ് തകർത്തത്. ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ മലയിൻകീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുകാവ് സ്വദേശി വിജു ജി. നായരുടെ മാരുതി കാർ, മങ്കാട്ടുകടവ് റൊസാരി വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന ദിലീപ്കുമാറിന്റെ ഹ്യൂണ്ടായ് കാർ, പെരുകാവിലുള്ള വൃദ്ധയുടെ ഉന്തുവണ്ടിയിലുള്ള തട്ടുകട, പെരുകാവ് ദേവീക്ഷേത്രത്തിലെ ആർച്ച്, മൃഗാശുപത്രി ബോർഡ് എന്നിവയാണ് തകർത്തത്. ആക്രമണത്തിന് പിന്നിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന സാമൂഹ്യവിരുദ്ധരാണെന്നാണ് പൊലീസ് നൽകിയ വിവരം. മലയിൻകീഴ് സി.ഐ അനിൽകുമാർ, എസ്.ഐ സൈജു എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.